യു.ഡി.എഫിലെത്താൻ ജോസ് ശ്രമിച്ചെന്ന് മാണി സി.കാപ്പൻ

Tuesday 10 February 2026 12:00 AM IST

കോട്ടയം : കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി യു.ഡി.എഫിൽ ചേരുന്നതിനായി കോൺഗ്രസ് നേതാക്കളെ കണ്ടെന്ന വെളിപ്പെടുത്തലുമായി മാണി സി.കാപ്പൻ എം.എൽ.എ. താൻ പറഞ്ഞത് നിഷേധിക്കാൻ ജോസിനെ അദ്ദേഹം വെല്ലുവിളിച്ചു. 'കണ്ട നേതാക്കളെ ഇപ്പോൾ പറയുന്നില്ല. കുരിശ് പള്ളി മാതാവിന്റെ മുന്നിൽ വച്ച് കണ്ടില്ലെന്ന് പറഞ്ഞാൽ ജോസ് പറയുന്ന പണി ചെയ്യും. പാലായുടെ വികസനത്തിനായി താൻ ഒന്നും ചെയ്തില്ലെന്ന വിമർശനത്തിന് പിന്നിൽ,പാലായിൽ വീണ്ടും മത്സരിച്ചാൽ തോൽക്കുമെന്ന ഭയമാണ് . തന്ത്രവും മന്ത്രവും ഒന്നും പ്രയോഗിച്ചിട്ട് കാര്യമില്ല. പാലയിലെ ജനങ്ങൾ അത് തിരിച്ചറിയുമെന്നും കാപ്പൻ പറഞ്ഞു.അതേസമയം ,കേരള കോൺഗ്രസ് -എമ്മിന് കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റുകൾ നൽകാൻ ഇടതുമുന്നണിയിൽ ധാരണയായി.

പത്തിൽ വിട്ടുവീഴ്ച

ഇല്ലാതെ ജോസഫ്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച പത്തു സീറ്റ് വേണമെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം.ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളില്ലെന്ന കോൺഗ്രസ് നേതാക്കളുടെ പരിഹാസത്തിന്, ഇടുക്കിയിൽ കഴിഞ്ഞ തവണ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥികൾ തോറ്റതും യു.ഡി.എഫിൽ നിന്ന് മത്സരിച്ച താൻ മാത്രം ജയിച്ചതുമാണ് ജോസഫ് ചൂണ്ടിക്കാണിക്കുന്നത്. ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബിനെയാണ് ഇടുക്കി സീറ്റിൽ പരിഗണിക്കുന്നത്. സ്ഥാനാർത്ഥി ദുർബലനാണെന്ന വാദമുയർത്തിയാൽ മകൻ അപു ജോൺ ജോസഫിനെ ഉയർത്തിക്കാട്ടാനും ജോസഫിന് നീക്കമുണ്ട്.''ആദ്യ ഘട്ട ചർച്ചയിൽ നിലപാട് വ്യക്തമാക്കി. സീറ്റ് വച്ചുമാറൽ ചർച്ചയായിട്ടില്ല.