കാനഡ ടീമിനുണ്ടൊരു മലയാളി ടച്ച്
ട്വന്റി-20 ലോകകപ്പിനുള്ള കാനഡ ടീമിന്റെ ഫിസിയോ-മസാജ് തെറാപ്പിസ്റ്റായി തിരുവനന്തപുരം സ്വദേശി
തിരുവനന്തപുരം : ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കുന്ന കാനഡ ടീമിനെ പരിക്കുകളിൽ നിന്ന് രക്ഷിക്കാനും പൊന്നുപോലെ നോക്കാനും ഒപ്പമുള്ളത് ഒരു മലയാളിയാണ്; തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ജോജി വർഗീസ്.മാർ ബെസേലിയോസ് എൻജിനിയറിംഗ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവിയായിരുന്ന ജോജി 2018ലാണ് കാനഡയിലേക്ക് കുടിയേറിയത്. അവിടെ ചെന്നശേഷം ഫിസിയോ തെറാപ്പിയിലും മസാജിംഗിലും രജിസ്ട്രേഡ് കോഴ്സ് പാസായശേഷമാണ് തന്റെ മേഖലയായ സ്പോർട്സിലേക്ക് തിരിഞ്ഞത്.
ഐ.പി.എൽ മാതൃകയിലുള്ള കാനഡയിലെ ലീഗ് ക്രിക്കറ്റ് ടീമുകൾക്കൊപ്പമായിരുന്നു ആദ്യം. ഈ ടീമുകൾക്ക് വേണ്ടി കളിക്കാനെത്തിയിരുന്ന അന്തർദേശീയ താരങ്ങളായ മൊയീൻ അലി,ഷെയ്ൻ ബോണ്ട്,ടിം സൗത്തീ മാർക്ക് ചാപ്പ്മാൻ, റാസീ വാൻഡർഡസൻ, ഡ്വെയ്ൻ പ്രിട്ടോറിയസ് തുടങ്ങിയ താരങ്ങൾക്കൊപ്പം ഫിസിയോ തെറാപ്പിസ്റ്റായി ജോലി നോക്കിയിട്ടുണ്ട്. 2022ലാണ് കാനഡ ദേശീയ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നത്. ഇന്ത്യൻ വംശജർക്ക് മേൽക്കൈയുള്ള ടീമിന് ലോകകപ്പ് കളിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായാണ് കാണുന്നതെന്ന് ജോജി പറയുന്നു. ഇന്ത്യൻ മണ്ണിൽ കളിക്കാനെത്തുന്നതിൽ എല്ലാവരും ത്രില്ലിലാണ്. ഇന്നലെ അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു ആദ്യ മത്സരം. വെള്ളിയാഴ്ച ഡൽഹിയിൽ യു.എ.ഇയേയും 17ന് ചെന്നൈയിൽ ന്യൂസിലാൻഡിനെയും 19ന് ഇതേവദിയിൽ അഫ്ഗാനെയും നേരിടും.
2006 മുതൽ 2017വരെയാണ് ജോജി ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ സേവനമനുഷ്ഠിച്ചത്. ഈ കാലയളവിലാണ് ബസേലിയോസ് കോളേജ് ഗെയിംസിലും യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലും ബാസ്കറ്റ്ബാൾ ചാമ്പ്യന്മാരായത്. ഒരു എൻജിനീയറിംഗ് കോളേജ് യൂണിവേഴ്സിറ്റി തലത്തിൽ ഈ നേട്ടം കരസ്ഥമാക്കിയത് ആദ്യമായിരുന്നു.
ജോജിയുടെ ഭാര്യ മഞ്ജു തോമസ് കാനഡയിൽ നഴ്സാണ്. അന്ന എൽസ ജോജി, ജോയൽ ജോജി, ഇരട്ടകളായ അന്റോണിയോ, ബെഡിക്ട് എന്നിവരാണ് മക്കൾ. മാതാപിതാക്കളായ വർഗീസും എലിസബത്തും നാലാഞ്ചിറയിലാണ് താമസം.