മൈലക്കാട്ടെ ഉയരപ്പാത തകർച്ച ചെളിയാണ്, 8 മീറ്റർ വരെ ആഴത്തിൽ

Tuesday 10 February 2026 12:14 AM IST
മൈലക്കാട് ഉയരപ്പാത തക‌ർന്ന സ്ഥലത്ത് മണ്ണ് പരിശോധനയ്ക്കായി മണ്ണ് നീക്കുന്നു

വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടിൽ കരാർ കമ്പനിക്ക് വിമർശനം

കൊല്ലം: ദേശീയപാതയിൽ മൈലക്കാട്ട് ഉയരപ്പാത തകരാൻ കാരണം കരാർ കമ്പനിയുടെ വീഴ്ചയെന്ന് ദേശീയപാത അതോറിട്ടി നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ പഠന റിപ്പോർട്ട്. തകർച്ചയുണ്ടായ ഇറക്കത്ത്, നേരത്തെയുള്ള റോ‌ഡിന്റെ ഉപരിതലത്തിൽ നിന്ന് രണ്ട് മീറ്റർ താഴെ എട്ട് മീറ്റർ വരെ ആഴത്തിൽ ചെളിയാണെന്ന് വിദഗ്ദ്ധ സംഘം സ്ഥിരീകരിച്ചു.

പഠന സംഘം ഉയരപ്പാത തകർന്ന സ്ഥലത്തിനു സമീത്തെ പത്തിടങ്ങളിൽ നിന്നാണ് സാമ്പിൾ ശേഖരിച്ചത്. ഇതിൽ ഉയരപ്പാത തകർന്ന ഭാഗത്ത് എട്ട് മീറ്റർ വരെ ആഴത്തിൽ നിന്നും ലഭിച്ച സാമ്പിളുകളെല്ലാം ദുർബലമായ ചെളിയുടേതാണ്. 30 മീറ്റർ വരെ ആഴത്തിൽ ഈ ഭാഗത്ത് നിന്ന് സാമ്പിൾ ശേഖരിച്ചിരുന്നു. എന്നാൽ അടിപ്പാതയുടെ മറുവശത്തെ ആർ.ഇ വാളിന് സമീപത്ത് നിന്നു ശേഖരിച്ച സാമ്പിളുകൾ കാര്യമായ പ്രശ്നമില്ലാത്താണ്. കരാർ കമ്പനിയും രൂപരേഖ തയ്യാറാക്കിയ കൺസൾട്ടൻസിയും ഉയരപ്പാത നിർമ്മിക്കുന്ന ഭാഗത്തെ മണ്ണ് പരിശോധിച്ചിരുന്നില്ല. അടിപ്പാതയുടെ പൈലിംഗിന് വേണ്ടി മാത്രമാണ് ഇവിടെ മണ്ണ് പരിശോധന നടത്തിയത്.

...............................................

ഭ്രമണ മണ്ണിരുത്തൽ

മുകളിൽ നിറഞ്ഞ ഭാരമുള്ള മണ്ണ് താഴെയുള്ള ബലമില്ലാത്ത ചെളിക്ക് താങ്ങാനാകാതെ വൃത്താകൃതിയിൽ തെന്നിമാറിയ 'ഭ്രമണ മണ്ണിരുത്ത'ലാണ് മൈലക്കാട് സംഭവിച്ചതെന്നും വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഉയരപ്പാതയിലെ മണ്ണ് ഇടിഞ്ഞു താഴ്ന്നപ്പോൾ തൊട്ടുചേർന്നുള്ള വയൽ ഭാഗത്ത് മണ്ണ് പൊങ്ങിയിരുന്നു.

.......................................

മുകളിലെ മണ്ണിന്റെ ഭാരം വിനയായി

തഴുത്തല ഏലയുടെ ഭാഗമായ വയലിന് കുറുകെയാണ് മൈലക്കാട്ട് ദേശീയപാത കടന്നുപോകുന്നത്. പതിറ്റാണ്ടുകൾ മുൻപ് വയൽ നികത്തി രണ്ട് മീറ്റർ വരെ ഉയരത്തിൽ മണ്ണിട്ടാണ് ഇവിടെ റോഡ് നിർമ്മിച്ചത്. അതിന് മുകളിലാണ് ആറുവരിപ്പാതയുടെ ഭാഗമായുള്ള ഉയരപ്പാത. മൈലക്കാട് ഇറക്കത്ത് തന്നെയുള്ള അടിപ്പാതയുടെ അപ്രോച്ച് റോഡായി ആർ.ഇ വാളിനുള്ളിൽ ഒൻപത് മീറ്റർ വരെ ഉയരത്തിൽ മണ്ണ് നിറച്ചതായിരുന്നു ഇവിടത്തെ ഉയരപ്പാത. മുകളിൽ പുതുതായി നിറച്ച മണ്ണിന്റെ ഭാരം താഴെയുള്ള ചെളിക്ക് താങ്ങാനായില്ല.

..................................

 ഉയരപ്പാത തകർന്നത് ഡിസംബർ 5ന്  സർവ്വീസ് റോഡും നടുവിലൂടെയുള്ള കലുങ്കും തകർന്നു  200 മീറ്റർ നീളത്തിൽ ഫ്ലൈ ഓവറിന് ശുപാർശർ

 തകർന്ന കലുങ്കിന്റെ പുനർ നിർമ്മാണം തുടങ്ങി

 ജലവിതരണ പൈപ്പും മാറ്റി സ്ഥാപിക്കും