ഏക്കറിന് രണ്ട് ലക്ഷം വരെ പാട്ടത്തുക, കിലോയ്ക്ക് ലഭിക്കുന്നത് 2500 രൂപ, അതിർത്തി കടന്നും ആൾക്കാർ ഇവിടേക്ക് എത്തുന്നു
കട്ടപ്പന: ഏലത്തോട്ടങ്ങളിൽ കാശിറക്കി കാശ് വാരാൻ ഇതര സംസ്ഥാനത്ത് നിന്നും നിക്ഷേപകർ നിരവധി. ഏലക്കാ വിലയിൽ സ്ഥിരത കൈവന്നതോടെയാണ് അതിർത്തി കടന്നുള്ള പാട്ട കർഷകർ ഇടുക്കിയിലേക്ക് എത്തിത്തുടങ്ങിയത്. തമിഴ്നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് വൻകിടക്കാർ തോട്ടങ്ങൾ വ്യാപകമായി പാട്ടത്തിനെടുക്കാൻ തുടങ്ങിയത്. നിലവിൽ ഏലക്കാ വില ശരാശരി 2400-2600 എന്ന നിലയിൽ തുടരുകയാണ്. വിലയിൽ ഏറ്റക്കുറച്ചിൽ ഇല്ലാതെ നിൽക്കുന്നതാണ് വീണ്ടും ഏലം മേഖലയെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. ഇതോടെ വൻ തുക മുടക്കി തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി നടത്തുകയാണ് നിക്ഷേപകർ. തമിഴ്നാട്ടിൽ നിന്നാണ് കൂടുതൽ പേർ പാട്ട കൃഷിക്കായി ഇടുക്കിയുടെ അതിർത്തി ഗ്രാമങ്ങളിൽ എത്തുന്നത്. ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപവരെ ഏക്കറിന് നൽകിയാണ് നിലവിൽ ഏലത്തോട്ടങ്ങൾ കർഷകർ പാട്ടത്തിനെടുക്കുന്നത്. തരിശു ഭൂമിയും ഒരു ലക്ഷം വരെ വാർഷിക പാട്ടം നൽകി കൃഷിക്കായി ഏറ്റെടുക്കുന്നുണ്ട്. അതിർത്തി മേഖലകളിലും തമിഴ് ഭൂരിപക്ഷ മേഖലകളിലും തമിഴ്നാട്ടിൽ നിന്നും എത്തുന്ന കർഷകർ വ്യാപകമായി ഏലത്തോട്ടങ്ങൾ പാട്ടത്തിനെടുക്കുകയും വിലയ്ക്ക് വാങ്ങുകയും ചെയ്യുന്നുണ്ട്. വൻകിട കർഷകരാണ് ഭൂമി വാങ്ങിക്കൂട്ടുന്നത്. ഉൾപ്രദേശത്തുള്ള ഭൂമിയ്ക്ക് പോലും ഏക്കറിന് 50 ലക്ഷം വരെ നൽകാൻ തയാറായി തമിഴ്നാട്ടിൽ നിന്നും കർഷകർ എത്തുന്നുണ്ട്. കമ്പംമെട്ട്, വണ്ടൻമേട് പരിസര പ്രദേശങ്ങളിലാണ് ഇത്തരം വ്യാപാരങ്ങൾ നടക്കുന്നത്.
=ഏലത്തോട്ടങ്ങളുടെ മറവിൽ പണം വെളുപ്പിക്കലും ലക്ഷ്യമിട്ടാണ് തമിഴ്നാട് സംഘങ്ങൾ കേരളത്തിൽ ഭൂമി വാങ്ങിക്കൂട്ടുന്നതെന്നും ആരോപണമുണ്ട്.
അതേസമയം നിലവിലത്തെ വില കണ്ട് പാട്ടത്തിന് ഏലത്തോട്ടങ്ങൾ എടുത്താൽ ലാഭം ഉറപ്പ് പറയാനാകില്ല എന്നാണ് മുൻകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. പാട്ടത്തിന് ഏലത്തോട്ടങ്ങൾ എടുത്ത കർഷകർ 2022 ൽ വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരുന്നു. ഏലം വില കൂപ്പുകുത്തിയതോടെയാണ് അന്ന് വൻ തുകയ്ക്ക് ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന കർഷകർ പ്രതിസന്ധിയിലായത്. 2019 ഓഗസ്റ്റിൽ ഏലം വില കുത്തനെ ഉയർന്നിരുന്നു അന്ന് പുറ്റടി സ്‌പൈസസ് പാർക്കിൽ നടന്ന ഇലേലത്തിൽ 7000 രൂപ വരെ ഏലയ്ക്ക കിലോയ്ക്ക് വില ലഭിച്ചു. കട്ടപ്പന കമ്പോളത്തിലും ശരാശരി 6000 രൂപയോളം വില ലഭിച്ചു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും പാട്ടത്തിനെടുത്ത് ഏലം കൃഷി ചെയ്യാനായി കർഷകർ ഹൈറേഞ്ചിലേയ്ക്ക് ഒഴുകി. തമിഴ്നാട്ടിൽ വട്ടിപ്പലിശയ്ക്ക് എതിരെ നടപടി കർശനമായതോടെ പണം കൈയിലുള്ള വട്ടിപ്പലിശക്കാർ ഹേറേഞ്ചിൽ വൻ തോതിൽ ഭൂമി പാട്ടത്തിനെടുക്കുന്ന പ്രവണതയുമുണ്ടായി. ഇത് ഭൂമിയുടെ ആവശ്യകത വർധിക്കാനും പാട്ടത്തുക ഉയരാനും കാരണമായി. പിന്നീട് വില താഴ്ന്ന് ശരാശരി 950 ൽ എത്തിയിട്ടും ഉൽപാദനച്ചിലവ് കുറഞ്ഞില്ല. മുൻ പരിചയമില്ലാത്ത കർഷകരുടെ തോട്ടങ്ങളിൽ രോഗ കീടബാധ വർധിച്ചതും തിരിച്ചടിയായി. ഇതോടെ ഹൈറേഞ്ചിൽ ഏലത്തോട്ടം പാട്ടത്തിനെടുത്ത പലരും പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തി. =ഹൈറേഞ്ച് മേഖലയിൽ ഇപ്പോൾ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് ഏലം കൃഷിക്ക് തിരിച്ചടിയാകുമെന്ന് ഭയപ്പെടുന്നത്. വേനൽ തുടങ്ങുമ്പോൾ തന്നെ പലയിടത്തും ജലസ്രോതസുകൾ വറ്റിത്തുടങ്ങി. കടുത്ത വേനൽ ഏലച്ചെടികൾ ഉണങ്ങാൻ കാരണമാകും. ഇത് പാട്ടത്തിനെടുത്തവർക്ക് വലിയ നഷ്ടത്തിന് കാരണമായേക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.