നിയമസഭാ സെക്രട്ടറി കൃഷ്ണകുമാർ സ്ഥാനമൊഴിയുന്നു

Tuesday 10 February 2026 1:47 AM IST

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനം 23ന് തുടങ്ങുമ്പോൾ നിയമസഭാ സെക്രട്ടറി പദവിയിൽ ഡോ.എൻ.കൃഷ്ണകുമാർ ഉണ്ടാവില്ല. നിയമസഭയിലെ സേവനം ഈമാസം 20ന് അവസാനിപ്പിച്ച് അദ്ദേഹം തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജ് പ്രിൻസിപ്പൽ ചുമതലയിൽ പ്രവേശിക്കും. മാർച്ച് 31ന് അവിടെ നിന്നു വിരമിക്കും. സ്പെഷ്യൽ സെക്രട്ടറി ഷാജി.സി ബേബിക്കായിരിക്കും നിയമസഭാ സെക്രട്ടറിയുടെ താത്കാലിക ചുമതല.

ലാ കോളേജ് പ്രിൻസിപ്പലായിരിക്കെ 2024 ജൂൺ ഏഴിനാണ് ഡെപ്യൂട്ടേഷനിൽ കൃഷ്ണകുമാർ നിയമസഭാ സെക്രട്ടറിയാവുന്നത്. നിയമസഭയിൽ തുടരുകയായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സേവനകാലാവധി ഈമാസം 28 ന് അവസാനിച്ചേനേ. എന്നാൽ കോളേജ് പ്രിൻസിപ്പലായി പോവുമ്പോൾ ജനനത്തീയതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 31 വരെ തുടരാനാവും. ഹൈക്കോടതി അഭിഭാഷകനായും ഐ.എം.ജി ട്രെയിനറായും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. വിദേശ സർവകലാശാലകളിൽ നിയമസംബന്ധമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് ഒഫ് ഇന്ത്യ ട്രെയിനിംഗ് വിഭാഗത്തിലെ ട്രെയിനറുമാണ്. ഐ.എം.ജിയിൽ സേവനമനുഷ്ഠിക്കെ രണ്ട് തവണ ഗുഡ് സർവീസ് എൻട്രി ലഭിച്ചിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.

തിരുവനന്തപുരം പട്ടം ലക്ഷ്മിനഗറിലാണ് താമസം. നിയമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷിജിയാണ് ഭാര്യ. മകൻ മനുകൃഷ്ണ എൽഎൽ.ബിയും എൽ എൽ.എമ്മും ഒന്നാം റാങ്കിലാണ് വിജയിച്ചത്. ഇപ്പോൾ തിരുവനന്തപുരം ലാ അക്കാഡമിയിൽ അസിസ്റ്റന്റ് പ്രൊഫസർ.