ദിലീപൻ വധക്കേസ്: എൻ.ഡി.എഫുകാരെ വെറുതേവിട്ടു

Tuesday 10 February 2026 2:13 AM IST

കൊച്ചി:കണ്ണൂർ ചക്കാട് സിപി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ദിലീപനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 എൻ.ഡി.എഫ് പ്രവർത്തകരെ ഹൈക്കോടതി വേറുതേവിട്ടു. വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച കണ്ണൂർ സ്വദേശികളായ പി.കെ. ലത്തീഫ്,യു.കെ.സിദ്ദിഖ്,വി.കെ.ഉനൈസ്,പാനേരി അബ്ദുൾ ഗഫൂർ,യു.കെ.ഫൈസൽ,പി.പി.ഫൈസൽ,വി.മുഹമ്മദ് ബഷീർ,താനലോട്ട് യാക്കൂബ്,പി.കെ.മുഹമ്മദ് ഫാറൂഖ് എന്നിവരെയാണ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി വെറുതേവിട്ടത്.ശിക്ഷാവിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ,ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.2008 ഓഗസ്റ്റ് 24നാണ് ദിലീപൻ കൊല്ലപ്പെട്ടത്.കൂടെയുണ്ടായിരുന്ന ഗിരീഷ്, രാജൻ എന്നീ സി.പി.എം പ്രവർത്തകർക്ക് മർദ്ദനമേറ്റതായും പരാതിയുണ്ടായിരുന്നു.സൈനുദ്ദീൻ വധത്തിന് എൻ.ഡി.എഫുകാർ പകവീട്ടിയതാണെന്നായിരുന്നു ഇരിട്ടി പൊലീസിന്റെ കേസ്.ദൃക്സാക്ഷികളായി പറയുന്ന ഗിരീഷും രാജനും സംഭവസ്ഥലത്തുണ്ടായിരുന്നുന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നുൾപ്പെടെ പ്രോസിക്യൂഷന് പല പിഴവുകളും പറ്റിയെന്ന് വിലയിരുത്തിയാണ് ഹർജിക്കാരെ വെറുതേവിട്ടത്.