റബറിന് വിലയിടിഞ്ഞതോടെ കർഷകർ കൂട്ടത്തോടെ ഈ കൃഷിയിലേക്ക് തിരിഞ്ഞു,​ ഒടുവിൽ സന്തോഷ വാർത്തയെത്തി

Tuesday 10 February 2026 1:19 AM IST

കോട്ടയം : കടുത്തവേനലിലേക്ക് കടക്കും മുൻപേ നേട്ടം കൈവരിച്ച് ക്ഷീരമേഖല. ഈ വർഷാരംഭം 10000 ലിറ്ററിന്റെ വർദ്ധനവാണ് ഉണ്ടായത്. ഡിസംബറിൽ 86000 ലിറ്റർ ആയിരുന്നു ഉത്പാദനം. ജനുവരിയിൽ 84000 ലിറ്റർ. മുൻ വർഷങ്ങളിൽ 75000 ലിറ്റർ ആയിരുന്നു ശരാശരി ഉത്പാദനം. നവംബർ, ഡിസംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ പാൽ ലഭിക്കുന്നത്. ജില്ലയിൽ 14000 ക്ഷീര കർഷകരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 6500 ക്ഷീര കർഷകരാണ സംഘങ്ങൾ വഴി പാൽ അളക്കുന്നവർ. റബർ വിലയിടിവിനെ തുടർന്ന് മലയോരമേഖലയിലെ കർഷകർ കൂട്ടമായി പശു വളർത്തലിലേക്ക് തിരിഞ്ഞിരുന്നു. കർഷകർക്ക് കൂടുതൽ ആനുകൂല്യം നൽകിതോടെ വൻതോതിൽ ഫാം മാതൃകയിലും കർഷകർ രംഗത്തെത്തി. ഇതോടെ ഉത്പാദനവും വർദ്ധിച്ചു. പിന്നീട്പ്ര തിസന്ധികൾ രൂപപ്പെട്ടതോടെ പിൻമാറി.

പ്രതിസന്ധിയിലും ആശ്വാസം

പാൽ വില വർദ്ധിക്കാത്തതും പരിപാലന ചെലവും ഏറിയതോടെ നിരവധിപ്പേർ മേഖലയിൽ നിന്ന് പിൻവാങ്ങി. ഉയർന്ന ചൂടിൽ പുല്ല് ഉണങ്ങിയിരുന്നു. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുൽ എന്നിവയുടെ വിലയും വർദ്ധിച്ചു. ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാത്തതും പശുക്കളിൽ അടിക്കടി രോഗവും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാൽ കനത്തചൂടിലും ഉത്പാദനം വർദ്ധിച്ചത് കർഷകർ പ്രതീക്ഷയോടെയാണ് കാണുന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്. വരുംദിവസങ്ങളിൽ ചൂട് കടുക്കുന്നതോടെ, ഉത്പാദനത്തിൽ ഇടിവുണ്ടാകാനും സാദ്ധ്യതയുണ്ട്.

(ക്ഷീര കർഷകർ)