മെഡിസെപ് ക്രൂരത: ഇടപെട്ട് ഡോക്ടർമാർ

Tuesday 10 February 2026 2:22 AM IST

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് 2.0 പദ്ധതിയിൽ നിന്ന് അന്ധത തടയാനുള്ള ചികിത്സ നിഷേധിച്ച നടപടിക്കെതിരെ ഡോക്ടർമാർ രംഗത്തെത്തി. പ്രായമായവർ വർദ്ധിക്കുന്ന സമൂഹത്തിൽ ഈ ചികിത്സ നിഷേധിക്കുന്നത് മെഡിസെപ്പിന്റെ ഭാഗമായ നിരവധി സാധാരണക്കാരെ പ്രതിസന്ധിയിലാക്കുമെന്ന് ചൂണ്ടിക്കാട്ടി കേരള സൊസൈറ്റി ഓഫ് ഒഫ്‌താൽമിക് സർജൻസ് (കെ.എസ്.ഒ.എസ്) മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

ഇതുസംബന്ധിച്ച് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് രോഗികൾക്ക് വേണ്ടി ഡോക്ടർമാർ രംഗത്തെത്തിയത്. പ്രായമായരെ ബാധിക്കുന്ന ഏജ് റിലേറ്റഡ് മാക്യുലർ ഡീജനറേഷൻ (എ.എം.ഡി) എന്ന രോഗത്തിനുള്ള കുത്തിവയ്പ്പാണ് ഈ മാസം ഒന്നിന് പ്രാബല്യത്തിൽ വന്ന മെഡിസെപ് 2.0യിൽ നിന്ന് ഒഴിവാക്കിയത്.

പ്രായമായവരിൽ 3.1ശതമാനം അന്ധത വർദ്ധിക്കുകയാണെന്ന് കെ.എസ്.ഒ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.രാജീവ് സുകുമാരൻ, സെക്രട്ടറി ഡോ.മല്ലിക.ഒ.യു എന്നിവർ ചൂണ്ടിക്കാട്ടി. 50 വയസ് കഴിയുന്നവരിൽ കാഴ്ച നഷ്ടപ്പെടുന്നതിനുള്ള പ്രധാനകാരണമായ എ.എം.ഡിക്ക് യഥാസമയം ഇൻട്രാവിട്രിയൽ കുത്തിവയ്പ്പെടുത്തില്ലെങ്കിൽ അന്ധതയ്ക്ക് കാരണമാകും. കുത്തിവയ്പ്പിലൂടെ കാഴ്ച നിലനിറുത്താനാകും. കേരളത്തിൽ പ്രമേഹത്തിന്റെയും ഡയബറ്റിക് റെറ്റിനോപ്പതിയുടെയും ഉയർന്ന വ്യാപനമുള്ളതിനാൽ ഈ ചികിത്സ നിഷേധിക്കരുതെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.