ബിജു മേനോൻ കാരണം 25 ലക്ഷം നഷ്‌ടമായെന്ന് ഫെഫ്‌ക

Tuesday 10 February 2026 2:45 AM IST

കൊച്ചി: കരാറുണ്ടായിട്ടും സിനിമാ പ്രമോഷൻ പരിപാടികളിൽ നടൻ ബിജു മേനോൻ പങ്കെടുത്തില്ലെന്ന് ഫെഫ്‌ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്‌ണൻ ആരോപിച്ചു. ഇതുമൂലം സംവിധായകൻ കൂടിയായ നിർമ്മാതാവിന് ചാനലിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 25 ലക്ഷം രൂപ നഷ്ടമായി. നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്‌കയുമായി തൊഴിൽ കരാർ ഒപ്പിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളൻ" സിനിമയുടെ പ്രമോഷനും ബിജു മേനോൻ പങ്കെടുത്തില്ല. സിനിമ പ്രമോട്ട് ചെയ്യാമെന്ന് കരാർ ഒപ്പിട്ടശേഷം പോകാതിരിക്കുന്നത് ശരയില്ല. സിനിമകളുടെ ചിത്രീകരണം നിശ്ചിതസമയത്തിന് ശേഷവും നീണ്ടുപോകുന്നത് അഭിനേതാക്കളുടെ വീഴ്‌ചകൾ മൂലമാണ്. പുതിയ കരാർ ഇതിന് മാറ്റം വരുത്തും. ഒരു ലക്ഷം രൂപയ്‌ക്കുമേൽ പ്രതിഫലം വാങ്ങുന്നവരെല്ലാം കരാർ ഒപ്പിടണമെന്നാണ് വ്യവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.