2000 രൂപ കൈക്കൂലി: മുൻ റവന്യു ഇൻസ്പെക്ടർക്ക് 7 വർഷം തടവ്
കൊല്ലം: വീടിന്റെ ഉടമസ്ഥാവകാശം മാറ്റാൻ 2000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ പന്തളം നഗരസഭ മുൻ റവന്യു ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട കൈപ്പട്ടൂർ വാളക്കോട് വീട്ടിൽ റെജി ജോർജിനെയാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ശിക്ഷിച്ചത്.
പന്തളം സ്വദേശി പരാതി നൽകിയതിന് പിന്നാലെ വിജിലൻസ് ഒരുക്കിയ കെണിയിലാണ് റെജി ജോർജ്ജ് വീണത്. തനിക്ക് ലഭിച്ച കുടുംബ സ്വത്തിൽ നിലനിന്നിരുന്ന വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പന്തളം സ്വദേശിയായ പരാതിക്കാരൻ 2017ൽ പന്തളം മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകി. ഇതിനായി റെജി ജോർജ്ജ് കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് പരാതി നൽകിയത്. 2,000 രൂപ കൈക്കൂലി വാങ്ങവെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് റെജി ജോർജിനെ കൈയോടെ പിടികൂടുകയായിരുന്നു.
അനധികൃതമായി പണം വാങ്ങിയതിന് 3 വർഷം തടവും 10,000 രൂപയും, ഗുരുതരമായ കൃത്യവിലോപത്തിന് നാല് വർഷം തടവും 10,000 പിഴയുമാണ് ശിക്ഷ. രണ്ട് തടവ് ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിയിൽ പറയുന്നു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് മുൻ ഡിവൈ.എസ്.പി പി.ഡി. ശശി ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.