സൂരജ് ലാമയുടേത് കൊലപാതകം ആയിക്കൂടേ?- ഹൈക്കോടതി
കൊച്ചി: കുവൈറ്റിൽ നിന്നു നാടുകടത്തപ്പെട്ട് കൊച്ചിയിൽ വിമാനമിറങ്ങിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണം കൊലപാതകമല്ലെന്നതിന് എന്താണുറപ്പെന്ന് ഹൈക്കോടതി ചോദിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയില്ലെന്ന് പൊലീസ് അറിയിച്ചപ്പോഴായിരുന്നു ചോദ്യം. മൃതദേഹം ദഹിപ്പിച്ചു കഴിഞ്ഞല്ലോയെന്നും കോടതി വാക്കാൽ പറഞ്ഞു. എന്തു 'സിസ്റ്റ"മാണ് ഇവിടെയുള്ളത്? എന്ത് അന്വേഷണമാണ് നടക്കുന്നത്? ലോകം ഇതൊക്കെ കാണുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു.
'മിസ്സിംഗ്" കേസ് രജിസ്റ്റർ ചെയ്ത നെടുമ്പാശേരി സ്റ്റേഷനിലെ എസ്.എച്ച്.ഒയെ കോടതി വിളിപ്പിച്ചിരുന്നു. രേഖകളുമായി ഹാജരായെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചോദിച്ചപ്പോൾ, കിട്ടിയിട്ടില്ലെന്നായിരുന്നു മറുപടി. അതില്ലാതെ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന് കോടതി ചോദിച്ചു. മരണകാരണം എന്താണ്? മരിച്ച സമയം അറിയണ്ടേയെന്നും ആരാഞ്ഞു.
തനിയെ തല താഴ്‌ത്തിവച്ച് ഒരാൾ വെള്ളത്തിൽ വീണു മരിക്കുമോ? ഒരു പാടു ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്. പ്രത്യേകാന്വേഷണ സംഘം തുടരണം. എല്ലാ സാദ്ധ്യതകളും പരിശോധിക്കണം. ഈ സംഭവം പൊലീസിന്റെ കണ്ണു തുറപ്പിക്കണം.
സൂരജ് ലാമയുടെ മകൻ സാന്റോൺ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്. ലാമ വന്നിറങ്ങിയതു മുതൽ എല്ലാ അധികൃതർക്കും നടപടിക്രമങ്ങളിൽ തെറ്റുപറ്റിയെന്ന് ഹർജിക്കാരനു വേണ്ടി അഡ്വ. പാർവതി മേനോൻ ആരോപിച്ചു. മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത ശേഷം ഫോട്ടോഗ്രാഫ്/ ക്രൈം കാർഡ് പ്രചരിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്ന് കോടതിയും പറഞ്ഞു. 'സിസ്റ്റ"ത്തിന്റെ വീഴ്ചയെക്കുറിച്ചു പറഞ്ഞാൽ ജഡ്ജിമാർക്കെതിരെ വ്യക്തിപരമായ ആക്രമണം തുടങ്ങുമെന്നും കോടതി പറഞ്ഞു. ഹർജി നാളെ വീണ്ടും പരിഗണിക്കും.