ട്രെയിനിൽ പൊലീസുകാരനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

Tuesday 10 February 2026 3:18 AM IST

കൊച്ചി: ട്രെയിനിലെ റിസർവേഷൻ കോച്ചിൽ മദ്യലഹരിയിൽ പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ടിക്കറ്റ് പരിശോധകനെ കൈയേറ്റം നടത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി ചക്കരയിടുക്ക് റോഡ് ജുമാമസ്ജിദിന് സമീപം ചെറിയപുരയ്ക്കൽ വീട്ടിൽ ഷഹിലിനെയാണ് (24) എറണാകുളം റെയിൽവേ പൊലീസ് എസ്.ഐ സാജുപോളിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

തിരുവനന്തപുരം - മംഗലാപുരം മാവേലി എക്സ്‌പ്രസിൽ ഞായറാഴ്ച രാത്രി 10.30നായിരുന്നു പ്രതിയുടെ പരാക്രമം. സുരക്ഷാജോലിയിലുണ്ടായിരുന്ന തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ.വി. വിനീഷ്‌കുമാറിനാണ് പരിക്കേറ്റത്. ട്രെയിൻ ചേർത്തല റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ എസ് 9 റിസർവേഷൻ കോച്ചിൽ ഓർഡിനറി ടിക്കറ്റുമായി കയറിയ ഷഹിൽ ടിക്കറ്റ് പരിശോധകനോ‌ട് അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. ഇതറിഞ്ഞ് സഹപ്രവർത്തകനൊപ്പം കോച്ചിലെത്തിയ വിനീഷ്‌കുമാറിനെ ഇയാൾ മേൽച്ചുണ്ടിൽ ഇടിച്ച് പരിക്കേൽപ്പിച്ചു. പ്രതി നെഞ്ചത്തുപിടിച്ച് തള്ളിയതിനെ തുടർന്ന് വാതിലിൽ ചെന്നിടിച്ച പൊലീസുകാരന്റെ ഇടത് കൈമുട്ടിനും പുരികത്തിനും പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരന്റെ സഹായത്തോടെയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയപ്പോൾ എറണാകുളം റെയിൽവേ പൊലീസിന് കൈമാറി. ഒരു സ്വർണപ്പണയ സ്ഥാപനത്തിൽ ജീവനക്കാരനാണ് പ്രതി.