'ഗാസ ഇന്ന് അക്ഷരാർത്ഥത്തിൽ തടവറ, അവരെ സാമൂഹിക വിരുദ്ധർ എന്ന് വിളിക്കാൻ എളുപ്പമാണ്, പക്ഷെ യാഥാർത്ഥ്യം മറ്റൊന്ന്'
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള നാൽപ്പതോളം രാജ്യങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളിയായ മലയാളി ഡോക്ടറാണ് ഡോ. എസ്.എസ്. സന്തോഷ് കുമാർ. അടുത്തിടെ അദ്ദേഹം ഗാസയിൽ സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ചിത്രങ്ങൾ കേരളത്തിലെ വിവിധയിടങ്ങളിൽ 'അവസാനത്തെ ആകാശം' എന്ന പേരിൽ പ്രദർശിപ്പിച്ചിരുന്നു. ഭീകരമായ വംശഹത്യയാണ് ഗാസയിൽ നടക്കുന്നതെന്ന് അദ്ദേഹം ആ എക്‌സിബിഷനിലൂടെ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ എമർജൻസി മെഡിക്കൽ ടീം ഡയറക്ടറായി ഗാസയിൽ ചെലവഴിച്ച സമയത്തെ അനുഭവങ്ങളെക്കുറിച്ചും യുദ്ധം മനുഷ്യ സാഹചര്യത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കുന്നുവെന്ന് അദ്ദേഹം കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
യുദ്ധമുഖങ്ങളിൽ നിന്ന് ഗാസയെ വ്യത്യസ്തമാക്കുന്നത്
ഗാസയിൽ നടക്കുന്നത് ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന 'ക്ലാസിക്കൽ വംശഹത്യ'യാണ്. മുൻപ് റുവാണ്ടയിലോ ബോസ്നിയയിലോ നടന്ന വംശഹത്യകൾ ലോകം അറിയുന്നത് അവ കഴിഞ്ഞ ശേഷമാണ്. എന്നാൽ ഗാസയിൽ എല്ലാം പരസ്യമാണ്. ഒരു ജനതയെ ബോംബിട്ടും വെടിവച്ചും കൊല്ലുന്നു. അവർക്ക് ഭക്ഷണവും വെള്ളവും ചികിത്സയും നിഷേധിക്കുന്നു. ലോകം ഒരു ഗെയിം കാണുന്നപോലെ മൊബൈൽ സ്‌ക്രീനിൽ വംശഹത്യ കണ്ടുകൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ വ്യത്യാസം. ഗാസ ഇന്ന് അക്ഷരാർത്ഥത്തിൽ ഒരു തടവറയാണ്. രക്ഷപ്പെടാൻ ഒരിടവുമില്ലാത്ത, 25 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ ഭൂപ്രദേശം ഒരു വലിയ ശവപ്പറമ്പായി മാറുകയാണ്.
രാജ്യങ്ങൾ എന്തുകൊണ്ടാണ് ഈ ക്രൂരതയ്‌ക്കെതിരെ ശബ്ദമുയർത്തുന്നില്ല
ഇതൊരു വലിയ കച്ചവടത്തിന്റെ ഭാഗമാണ്. അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തുന്ന ഈ യുദ്ധത്തിൽ അമ്പതാേളം രാജ്യങ്ങൾ ഇസ്രായേലിന് ആയുധങ്ങളും എണ്ണയും ഭക്ഷണവും നൽകി സഹായിക്കുന്നുണ്ട്. ലാഭമുണ്ടാക്കുന്നവർക്ക് മനുഷ്യജീവനേക്കാൾ വലുത് കച്ചവടമാണ്. അറബ് രാജ്യങ്ങൾ പോലും പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നു. ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളെല്ലാം ഇവിടെ ലംഘിക്കപ്പെടുന്നു. ഇന്ന് ഗാസയിൽ സംഭവിക്കുന്നത് നാളെ ലോകത്ത് എവിടെയും സംഭവിക്കാം എന്ന സ്ഥിതിയാണ്. നമ്മൾ കൊടുക്കുന്ന നികുതിപ്പണം പോലും ഇത്തരം വംശഹത്യകൾക്ക് പരോക്ഷമായി ഉപയോഗിക്കപ്പെടുന്നു എന്നത് നടുക്കുന്ന സത്യമാണ്.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ശസ്ത്രക്രിയകൾ നടത്തിയത്?
പവർ സ്റ്റേഷനുകളെല്ലാം ബോംബിട്ട് തകർക്കപ്പെട്ടിരുന്നു. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഇന്ധനമില്ലാത്ത അവസ്ഥ. പലപ്പോഴും അനസ്‌തേഷ്യ പോലുമില്ലാതെയാണ് കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നത്. വേദന സഹിക്കാൻ കഴിയാതെ നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെയടക്കം കൈകാലുകൾ കെട്ടിയിട്ടും, വായ തുണി കൊണ്ട് മൂടിക്കെട്ടിയും ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നത് ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മാനസിക ആഘാതമാണ്. യുദ്ധം തുടങ്ങിയ ശേഷം പുതിയ മെഡിക്കൽ ഉപകരണങ്ങളൊന്നും അവിടെ എത്തിയിട്ടില്ല. ഉള്ളതുകൊണ്ട് ജീവൻ നിലനിർത്താൻ പോരാടുകയായിരുന്നു.
'അവസാനത്തെ ആകാശം'
ആകാശം സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. വീടില്ലാത്തവനും അഭയാർത്ഥിക്കും ആകാശമെങ്കിലും സ്വന്തമായുണ്ടാകും. എന്നാൽ ഗാസയിലെ ജനങ്ങൾക്ക് ആ ആകാശം പോലും നഷ്ടപ്പെടുകയാണ്. പ്രശസ്ത പലസ്തീൻ കവി മഹ്മൂദ് ഡർവിഷിന്റെ 'അവസാനത്തെ ആകാശത്തിന് ശേഷം പക്ഷികൾ എങ്ങോട്ടേക്ക് പറക്കും?' എന്ന കവിതയിലെ വരികളിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. തങ്ങൾ ജീവിച്ചിരുന്ന മണ്ണും ആകാശവും ഇനിയുണ്ടാകില്ലെന്ന ഭീതിയിലാണ് ആ ജനത.
യുദ്ധമുഖങ്ങളിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്
അതൊരു പ്രൊഫഷണലിസമാണ്. ഇത്രയും കാലം ഞാൻ നേടിയെടുത്ത വൈദഗ്‌ധ്യം ഏറ്റവും കൂടുതൽ ആവശ്യമുള്ളത് ഇത്തരം ദുരിതഭൂമികളിലാണ്. സുഡാനിലെ അവസ്ഥ ഗാസയേക്കാൾ കഷ്ടമാണ്, അവിടെ ജനങ്ങളെ ബുൾഡോസർ കയറ്റിയും മറ്റും കൊല്ലുകയാണ്. കംഫർട്ട് സോണിലിരുന്ന് ജോലി ചെയ്യുന്നതിനേക്കാൾ എന്റെ സേവനം ഏറ്റവും അത്യാവശ്യമുള്ളയിടത്ത് പോകുന്നതാണ് ജീവിതത്തിന് അർത്ഥമുണ്ടാക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.
പകർത്തിയ ചിത്രങ്ങൾ ലോകത്തോട് പറയുന്നത്
ഓരോ ചിത്രവും വെറുമൊരു ഫോട്ടോയല്ല, മറിച്ച് മുറിവേറ്റ ജനതയുടെ വേദനയാണ്. യുദ്ധമില്ലാത്ത ഒരു ലോകം (World Without War) കെട്ടിപ്പടുക്കാനുള്ള ഒരു ആയുധമാണ് എക്സിബിഷനുകളിലൂടെ ലക്ഷ്യമിടുന്നത്. നമ്മുടെ അടുത്ത തലമുറ ഇത്തരം ക്രൂരതകൾക്കെതിരെ ശബ്ദമുയർത്താൻ ഈ കാഴ്ചകൾ പ്രേരിപ്പിക്കണം. മനുഷ്യരിലെ സഹാനുഭൂതി ഉണർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിശപ്പും വേദനയും ഒരു ജനതയെ എങ്ങനെയൊക്കെ മാറ്റുന്നുവെന്നും അത് എത്രത്തോളം ഭയാനകമാണെന്നും ഈ ചിത്രങ്ങളിലൂടെ പറയുന്നു.
വിശപ്പ് മൂലം നിരന്തരമുണ്ടാകുന്ന കലാപങ്ങൾ, സാമൂഹികമായ ഒറ്റപ്പെടലുകൾ, തകർച്ചകൾ, മനുഷ്യർ തമ്മിലുള്ള ശത്രുത എന്നിവയൊക്കെ ദൂരെ നിന്ന് നോക്കി കാണുമ്പോൾ അവരെയൊക്കെ 'സാമൂഹിക വിരുദ്ധർ എന്ന് വിളിക്കാൻ എളുപ്പമാണ്. എന്നാൽ യാഥാർത്ഥ്യം അതല്ല. ഇതിനെല്ലാം പിന്നിൽ വിശപ്പാണ്. ഈ വിശപ്പ് അവർ സ്വയം ഉണ്ടാക്കിയതല്ല, മറിച്ച് കൃത്യമായ ഇടപെടലുകളിലൂടെയും അവഗണനകളിലൂടെയും നിർമ്മിച്ചെടുക്കുന്ന ഒന്നാണ്. ഭക്ഷണം ലഭിക്കാത്ത ഈ അവസ്ഥയുടെ ഭാഗമായാണ് മനുഷ്യർ പരസ്പരം പോരടിക്കുന്നതും അക്രമങ്ങളിൽ ഏർപ്പെടുന്നതും എന്ന തിരിച്ചറിവ് ഞെട്ടലുണ്ടാക്കുന്നതാണ്. നമ്മുടെ സമൂഹത്തിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നത് ഗൗരവകരമായ കാര്യമാണ്.