തീതുപ്പുന്ന കാറിന് എട്ടിന്റെ പണി നൽകി എംവിഡി; ഉടമയ്ക്കും കുരുക്ക്

Tuesday 10 February 2026 5:07 PM IST

കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ തീതുപ്പുന്ന സെെലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. പള്ളിക്കൽ സ്വദേശിയായ മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. സംഭവത്തിന് പിന്നാലെ ഉടമ ഒളിവിൽ പോയിരുന്നു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് എംവിഡിയുടെ തീരുമാനം.

രജിസ്ട്രേഷൻ റദ്ദാക്കിയാൽ വണ്ടി നിരത്തിലിറക്കാനാകില്ല. കൂടാതെ വാഹന ഉടമയായ മുഹമ്മദ് ഇർഫാന്റെ ഡ്രെെവിംഗ് ലെെസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും. കാർ പിടിച്ചെടുക്കാനുള്ള നടപടികൾ എംവിഡി ആരംഭിച്ചു കഴിഞ്ഞു. പൊതുനിരത്തിൽ തീ തുപ്പുന്ന സെെലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തുന്ന കാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് എംവിഡി അന്വേഷണം ആരംഭിച്ചത്.