യൂത്ത് ഫുട്ബാളിൽ കാസർകോട് സെമിയിൽ
Wednesday 11 February 2026 12:09 AM IST
തൃക്കരിപ്പൂർ: തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സംസ്ഥാന യൂത്ത് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലാ ടീം സെമിയിൽ പ്രവേശിച്ചു. ആദ്യ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾ നേടി കൊല്ലം ജില്ലയെ പരാജയപ്പെടുത്തിയാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. ക്വാർട്ടറിൽ ആതിഥേയരായ തിരുവനന്തപുരം ജില്ലയെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ജില്ലയുടെ യുവനിര സെമിയിൽ പ്രവേശിച്ചത്. ഉമർ അഫാഫ്, ഹേമന്ത് സനിൽ കുമാർ, മുഹമ്മദ് നിജാദ് എന്നിവരാണ് ഗോൾ നേടിയത്. കാസർകോടിന്റെ ഗോൾ കീപ്പർ അനലിനെ കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. പതിമൂന്നിന് നടക്കുന്ന സെമിയിൽ കോട്ടയം ജില്ലാ ടീമിനെയാണ് എതിരിടേണ്ടത്. കാസർകോട് സ്വദേശി ഉമർ അഫാഫ് ആണ് ടീം ക്യാപ്റ്റൻ, തൃക്കരിപ്പൂർ നടക്കാവ് സ്വദേശി ഹേമന്ത് സനിൽ കുമാർ ആണ് വൈസ് ക്യാപ്റ്റൻ.