നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു

Wednesday 11 February 2026 1:49 AM IST

പറവൂർ: ഇരുചക്രവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു. കാർ ഡ്രൈവർ എടവനക്കാട് സ്വദേശി അർജുൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതരയോടെ പെരിയാറിന്റെ കൈവഴിയായ തട്ടുകടവ് പുഴയിലാണ് അപകടം. പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്ന് സീറ്റ്ബെൽറ്റ് ഊരിയ ശേഷം ഡോർ തുറന്ന് അർജുൻ പുറത്തിറങ്ങി രക്ഷപ്പെട്ടു. യൂബർ യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങുകയായിരുന്നു. വീതി കുറഞ്ഞ റോഡിൽ എതിർ ഭാഗത്ത് നിന്ന് വന്ന ഇരുചക്രവാഹനത്തിന് സൈഡ് നൽകിയപ്പോൾ ചിറയിലൂടെ തെന്നി പുഴയിലേക്ക് കാർ മറിയുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് കാർ കരയ്ക്കുകയറ്റി.