റെക്കാഡ് ലാഭത്തിൽ പൊതുമേഖല എണ്ണക്കമ്പനികൾ

Wednesday 11 February 2026 12:51 AM IST

ഒൻപത് മാസത്തെ അറ്റാദായം 57,517.6 കോടി

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ഒൻപത് മാസത്തിൽ രാജ്യത്തെ മൂന്ന് പൊതുമേഖല എണ്ണക്കമ്പനികളുടെ അറ്റാദായം 300 ശതമാനത്തിലധികം ഉയർന്ന് 57,517.6 കോടി രൂപയിലെത്തി റെക്കാഡിട്ടു. മുൻവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള സമാന കാലയളവിൽ കമ്പനികളുടെ മൊത്തം അറ്റാദായം 19,077 കോടി രൂപ മാത്രമായിരുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിപണിയിലുണ്ടായ ഇടിവിന് ആനുപാതികമായി ഇന്ത്യയിൽ വിൽപ്പന വില കുറയ്ക്കാത്തതാണ് കമ്പനികൾക്ക് ലോട്ടറിയായത്. ഇതോടൊപ്പം റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ക്രൂഡോയിൽ ലഭിച്ചതും നേട്ടമായി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ(ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എൽ) എന്നീ മൂന്ന് കമ്പനികളും കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലും ലാഭത്തിൽ വൻ കുതിപ്പാണ് നേടിയത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐ.ഒ.സിയുടെ അറ്റാദായം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 25,424.91 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ 5,696 കോടിയായിരുന്നു ലാഭം. ബി.പി.സി.എല്ലിന്റെ അറ്റാദായം ഇരട്ടിയിലധികം ഉയർന്ന് 20,111.73 കോടി രൂപയിലെത്തി. എച്ച്.പി.സി.എല്ലിന്റെ അറ്റാദായം 78 ശതമാനം വർദ്ധിച്ച് 11,981 കോടി രൂപയായി.

രണ്ട് വർഷമായി വിലയിൽ മാറ്റമില്ല

നാല് വർഷത്തിനിടെ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ ഒരു തവണ മാത്രമാണ് മാറ്റമുണ്ടായത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി 2024ൽ കേന്ദ്ര സർക്കാർ ഇന്ധന വിലയിൽ ലിറ്ററിന് രണ്ട് രൂപ കുറച്ചതാണ് അവസാനമുണ്ടായ മാറ്റം. ഇക്കാലയളവിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ താഴ്ന്നതിന്റെ നേട്ടം ഇതോടെ പൂർണമായും എണ്ണക്കമ്പനികൾക്ക് ലഭിച്ചു. മൂന്ന് മാസത്തിനിടെ മാത്രം ക്രൂഡോയിൽ വില ഒൻപത് ശതമാനം കുറഞ്ഞു.

ലാഭ മാർജിനിൽ കുതിപ്പ്

ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭ മാർജിൻ കുത്തനെ ഉയർന്നു. ഐ.ഒ.സിയുടെ പ്രവർത്തന മാർജിൻ മുൻവർഷത്തെ 1.6 ശതമാനത്തിൽ നിന്ന് 7.94 ശതമാനമായി ഉയർന്നു. ആദ്യ ഒൻപത് മാസത്തിൽ ശരാശരി റിഫൈനിംഗ് മാർജിൻ ബാരലിന് എട്ടു ഡോളറിന് മുകളിലാണ്.

ഒക്ടോബർ-ഡിസംബർ കാലയളവിലെ അറ്റാദായം

കമ്പനി അറ്റാദായം

ഐ.ഒ.സി 13,006 കോടി രൂപ

ബി.പി.സി.എൽ 7,188 കോടി രൂപ

എച്ച്.പി.സി.എൽ 4,011 കോടി രൂപ