വെടിക്കെട്ട് ബാറ്റിംഗ് നടത്തി ഫര്‍ഹാന്‍, അമേരിക്കയ്‌ക്കെതിരെ പാകിസ്ഥാന് മികച്ച സ്‌കോര്‍
കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരെ പാകിസ്ഥാന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍, ഓപ്പണര്‍ ഷഹിബ്‌സദാ ഫര്‍ഹാന്‍ നേടിയ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി 73(41) മികവില്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് ആണ് നേടിയത്. എന്നാല്‍ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം പിന്നീട് വന്നവര്‍ക്ക് മുതലാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പാകിസ്ഥാന് കഴിയുമായിരുന്നു.
ഒരു ഘട്ടത്തില്‍ അനായാസം 200 കടക്കുമെന്ന് തോന്നിച്ച പാകിസ്ഥാനെ ഈ സ്‌കോറില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് അമേരിക്കയുടെ മികച്ച ബൗളിംഗ്, ഫീല്‍ഡിംഗ് പ്രകടനങ്ങളിലൂടെയാണ്. ഓപ്പണര്‍ സയീം അയൂബ് 19(17), ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 1(3), ബാബര്‍ അസം 46(32), മുഹമ്മദ് നവാസ് 5(10), ഷദാബ് ഖാന്‍ 30(12), ഫഹീം അഷ്‌റഫ് 1(2), ഉസ്മാന്‍ ഖാന്‍ 0(1) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന. ഷഹീന്‍ ഷാ അഫ്രീദി 7*(3) പുറത്താകാതെ നിന്നു.
അമേരിക്കയ്ക്ക് വേണ്ടി ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സൗരബ് നേത്രവല്‍ക്കര്‍, മൊഹമ്മദ് മൊഹ്‌സിന്‍, ഹര്‍മീത് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ ലോകകപ്പില്‍ അമേരിക്ക പാകിസ്ഥാനെ അട്ടിമറിച്ചിരുന്നു. ഇത്തവണയും തങ്ങള്‍ക്ക് അതിന് കഴിയുമെന്ന പ്രതീക്ഷയാണ് മത്സരത്തിന് മുമ്പ് അമേരിക്കന്‍ താരങ്ങള്‍ പങ്കുവച്ച പ്രതീക്ഷ.