വിജയോത്സവ റാലിയും അനുമോദനവും

Wednesday 11 February 2026 12:12 AM IST
സിനിമാ താരം വൃന്ദ മേനോൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ച് സ്കൂളിന് അഭിമാനനേട്ടം നൽകിയ പ്രതിഭകളെ ആദരിക്കാൻ വിജയോത്സവ റാലിയും അനുമോദന യോഗവും നടത്തി ഹൊസ്ദുർഗ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ. ഈ വർഷം സ്കൂളിൽ നിന്ന് സംസ്ഥാന കലോത്സവം, കായിക മേളകൾ, പ്രവൃത്തി പരിചയമേള എന്നിവയിൽ കഴിവ് തെളിയിച്ചവരെയാണ് സ്കൂൾ പി.ടി.എ അനുമോദിച്ചത്. വിവിധ മത്സരങ്ങളിൽ വിജയികളായ 40 ഓളം പേരെ ചടങ്ങിൽ അനുമോദിച്ചു. സിനിമാ താരം വൃന്ദ മേനോൻ അനുമോദനയോഗം ഉദ്ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം. ഗംഗാധരൻ, ഫാത്തിമത്ത് നൗഷിബ, ഇബ്രാഹിം, ഇക്ബാൽ, അഷറഫ്, ബിസ്മിത സലിം, രാധിക എന്നിവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. എ.വി സുരേഷ്ബാബു സ്വാഗതവും ഹെഡ്മാസ്റ്റർ എം.പി രാജേഷ് നന്ദിയും പറഞ്ഞു.