'പരീക്ഷ'ണം നേരിടാൻ ചിരിയും ഹോപ്പും
പത്തനംതിട്ട: മാർച്ച് 5ന് എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങും, എന്നുകേട്ട് ആരും പേടിക്കേണ്ട. പരീക്ഷാ കാലത്തെ കുട്ടികളിലെ മാനസിക സമ്മർദ്ദവും പഠനഭാരവും കുറയ്ക്കാൻ സർക്കാർ ആവിഷ്കരിച്ചതാണ് ചിരി, ഹോപ്പ് പദ്ധതികൾ.
ജയിച്ച കുട്ടികളിൽ പോലും ചിലർ ഫുൾ എപ്ലസ് കിട്ടിയില്ലെന്ന വിഷമത്തിൽ ആത്മഹത്യയിൽ അഭയം തേടാറുണ്ട്. ഇതിൽ നിന്നൊരു മോചനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.രക്ഷിതാക്കൾ നൽകുന്ന മാനസിക സമ്മർദ്ദവും പഠനഭാരവും കുട്ടികളുടെ മനസിനെ പല തരത്തിൽ സങ്കീർണമാക്കാറുണ്ട്.
ചിരി, ഹോപ്പ് പദ്ധതികൾ ഇവിടെയാണ് ഫലപ്രദമാകുന്നത്. ഭയത്തെ മറികടക്കുന്നതിനൊപ്പം മാനസിക- സാമ്പത്തിക സഹായങ്ങൾ ഉറപ്പ് വരുത്താനും പദ്ധതികൾ സഹായകമാണ്. ഓരോ വർഷവും ശരാശരി 4.5 ലക്ഷം വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ പാസാകുന്നുണ്ട്.
പരീക്ഷയിൽ പങ്കെടുക്കുന്ന 98 ശതമാനം വിദ്യാർത്ഥികൾ വിജയിക്കുമ്പോൾ, ബാക്കി രണ്ട് ശതമാനം പേർ അവശേഷിക്കുന്നു. ഇവരിൽ കുറച്ചുപേർ സേപരീക്ഷ പാസാകും, മറ്റുള്ളവർ സമൂഹത്തിന്റെ മുഖ്യധാരാ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടാറാണ് പതിവ്. ഇതിന് പരിഹാരമാണ് ചിരി, ഹോപ്പ് പദ്ധതികൾ. കുട്ടികളെ സമ്മർദ്ദത്തിലാക്കാതെ ആരോഗ്യകരമായ ഭക്ഷണശീലം, ഉറക്കം, വ്യായാമം, സന്തോഷകരമായ അന്തരീക്ഷം എന്നിവ ഉറപ്പുവരുത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണം.
ചിരി
കേരള പൊലീസിന്റെ ഹെൽപ്പ് ലൈൻ പദ്ധതി
കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനൊപ്പം സുരക്ഷയും ഉറപ്പാക്കും
കുട്ടികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ എന്നിവർക്ക് സഹായം
ഫോണിലൂടെയും കൗൺസലിംഗ് ലഭ്യമാകും
പൊലീസ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയുടെ സംയുക്ത ഇടപെടൽ
പദ്ധതി ആരംഭിച്ചത് 2021ൽ
ഫോൺ: 9497900200
ഹോപ്പ്
പഠനം പാതിയിൽ ഉപേക്ഷിച്ചവർക്ക് സഹായം
ജനമൈത്രി പൊലീസിന്റെ സഹായത്തോടെ വിദ്യാർത്ഥികളെ കണ്ടെത്തും
പഠന ഫീസ് പദ്ധതിയിൽ നിന്ന് നൽകും
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരെയോ, ഹോപ്പ് പദ്ധതി അസി. ജില്ലാ നോഡൽ ഓഫീസറെയോ ബന്ധപ്പെട്ട് തുടർ പഠനം നടത്താം
ഒറ്റപ്പെടലും ആത്മവിശ്വാസക്കുറവും അപകർഷതാബോധവും ഒരു വ്യക്തിയെ വ്യക്തിപരമായും സമൂഹത്തിനും ഹാനികരമായ ജീവിതശൈലി പിന്തുടരാൻ പ്രേരിപ്പിക്കും.
ഷാൻ രമേശ് ഗോപൻ
ജുവനൈൽ ജസ്റ്റീസ് ബോർഡ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് മെമ്പർ