രക്ത ദാനത്തോട് മടിച്ച് ജെൻ സി, ക്യാമ്പയിനുമായി കെ.എസ്.ബി.ടി.സി
ആലപ്പുഴ: രക്ത ദാനത്തോട് യുവതലമുറ മുഖം തിരിച്ചതോടെ ദാതാക്കളെ കണ്ടെത്താൻ ക്യാമ്പയിനുകളുമായി കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ (കെ.എസ്.ബി.ടി.സി). വായനശാലകളിലെത്തുന്നവരെ രക്തദാനത്തിലേക്ക് ആകർഷിക്കുന്നതിന് ലൈബ്രറി കൗൺസിലുമായി സഹകരിച്ച് 'വായനയിലൂടെ രക്തബന്ധം", ഹയർ സെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള 'ജീവദ്യുതി", നാഷണൽ സർവീസ് സ്‌കീമിനൊപ്പം ചേർന്ന് 'ജീവധാര", പൊലീസുമായി ചേർന്ന് 'പൊൽ ബ്ലഡ്", സാങ്കേതിക സർവകലാശാലകളിലെ 'രുധിരസേന", ഐ.ടി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 'ലൈഫ് ലൈൻ" തുടങ്ങി നിരവധി ക്യാമ്പയിനുകളാണ് കെ.എസ്.ബി.ടി.സി സംഘടിപ്പിക്കുന്നത്.
2025ൽ സംസ്ഥാനത്ത് നാലായിരത്തിലധികം രക്തദാന ക്യാമ്പുകൾ നടത്തി. ഇതിൽ ആയിരത്തിലധികവും ഹയർസെക്കൻഡറി സ്‌കൂളുകളിലായിരുന്നു. 18 വയസിന് താഴെയുള്ളവർക്ക് രക്തം ദാനം ചെയ്യാനാകില്ലെങ്കിലും പരിപാടിയുടെ സംഘാടകരായി ബന്ധുക്കളെയും മുതിർന്നവരെയും അദ്ധ്യാപകരെയും ക്യാമ്പിന്റെ ഭാഗമാക്കാനും, രക്തദാനത്തിന്റെ പ്രസക്തി മനസിലാക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
തൊഴിലിടങ്ങളിൽ വർഷത്തിൽ രണ്ടു ക്യാമ്പ് യുവതലമുറയെ രക്തദാനത്തിലേക്ക് ആകർഷിക്കാൻ തൊഴിലിടങ്ങളിൽ വർഷത്തിൽ രണ്ടുതവണ ക്യാമ്പുകൾ നടത്തുന്നുണ്ട്
മെഡിക്കൽ, പാരാമെഡിക്കൽ മേഖലകളിലെ വിദ്യാർത്ഥികളെ ഭാഗമാക്കാൻ ആരോഗ്യ സർവകലാശാലയുമായി ചർച്ച പൂർത്തിയായി
ഇരുന്നൂറിലധികം എൻജിനിയറിംഗ് കോളേജുകൾ, നഴ്സിംഗ് അസോസിയേഷനുകൾ എന്നിവയുമായി ചേർന്ന് ക്യാമ്പയിൻ നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് രക്തം ദാനം ചെയ്തവർ- 6.27 ലക്ഷം
രക്തം സ്വീകരിച്ചവർ (വിവിധ ഘടകങ്ങളായി വേർതിരിച്ച്)- 20 ലക്ഷം
ക്യാമ്പുകളിലൂടെ രക്തം ദാനം ചെയ്തവർ- 1 ലക്ഷം
തുടർച്ചയായി ക്യാമ്പുകൾ നടത്തിയാൽ ബ്ലഡ് ബാങ്കുകളിലെ സ്റ്റോക്ക് ക്ഷാമം പരിഹരിക്കാം. രക്തദാനത്തിന്റെ മറവിലുള്ള സാമ്പത്തിക ചൂഷണവും തടയാനാകും.
- കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ അധികൃതർ