മുട്ടിൽ മരം മുറി കേസ്: കുറ്റപത്രം സമർപ്പിച്ചു
Wednesday 11 February 2026 12:08 AM IST
സുൽത്താൻ ബത്തേരി: അഗസ്റ്റ്യൻ സഹോദരൻമാർ പ്രതികളായ മുട്ടിൽ മരം മുറി കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 2020- 21 കാലഘട്ടത്തിൽ മുട്ടിൽ വില്ലേജിൽ നടന്ന മരം മുറിയുമായി ബന്ധപ്പെട്ട് റോജി അഗസ്റ്റ്യൻ, ജോസുകുട്ടി അഗസ്റ്റ്യൻ, ആന്റോ അഗസ്റ്റ്യൻ എന്നിവർ പ്രതികളായ 41 കേസുകളിലെയും കുറ്റപത്രമാണ് സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ടേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ചത്. മരംമുറി, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയായിരുന്ന വി.വി.ബെന്നിയാണ് കേസ് അന്വേഷിച്ചത്. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകൾ കുറ്റപത്രത്തിൽ ഉണ്ടെന്നാണ് വിവരം. കേസിൽ കുറ്റപത്രം വൈകുന്നതിൽ പല കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.