ചിന്നു പാപ്പുവിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് 

Wednesday 11 February 2026 12:09 AM IST
ചിന്നു പാപ്പുവിന്റെ മരണം

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആദുരിലെ രേഷ്മ എന്ന ചിന്നു പാപ്പു (25) വിന്റെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായി. ബലപ്രയോഗമോ ആക്രമണമോ നടന്നതായി തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ദേഹത്ത് പരിക്കുകളോ അസ്വാഭാവിക അടയാളങ്ങളോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിസറ കോഴിക്കോട് ലാബിലേക്ക് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വിഷം ഉള്ളിൽ പ്രവേശിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ ഈ പരിശോധനാഫലം വന്നശേഷം വ്യക്തത വരും. മരണത്തിന് പ്രേരണയായി മറ്റ് കാരണങ്ങളുണ്ടോയെന്നും ആത്മഹത്യയ്ക്ക് പിന്നിൽ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോയെന്നുമാണ് പൊലീസ് ഇപ്പോൾ വിശദമായി അന്വേഷിക്കുന്നത്.

ചിന്നു പാപ്പു ആൺസുഹൃത്തുമായുണ്ടായ തർക്കത്തിനു പിന്നാലെയാണ് ജീവനൊടുക്കിയതെന്ന ആരോപണം കുടുംബം ഉന്നയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ 28 കാരനായ യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളുടെ മൊഴിയും മൊബൈൽ ഫോൺ വിവരങ്ങളും ഉൾപ്പെടെ ഡിജിറ്റൽ തെളിവുകളും പരിശോധിക്കും.

തിങ്കളാഴ്ചയാണ് ഉളിയത്തടുക്ക ചൂരി ആസാദ്‌ നഗറിലെ ക്വാർട്ടേഴ്സിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയായിരുന്നു.

ആദ്യഘട്ടത്തിൽ കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നെങ്കിലും, ഇത് കുടുംബം നിഷേധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിലും, രാസപരിശോധനാ ഫലവും മറ്റ് അന്വേഷണ നടപടികളും പൂർത്തിയായ ശേഷമേ കേസിൽ അന്തിമ നിഗമനത്തിലെത്തുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.