ഗോവർദ്ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Wednesday 11 February 2026 12:16 AM IST
ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ ജുവലറി ഉടമ ഗോവർദ്ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി വിധി റദ്ദാക്കാനും വിസമ്മതിച്ചു. രണ്ടുകേസുകളിലാണ് ജാമ്യം തേടിയത്. 20 വർഷത്തിലധികമായി അയ്യപ്പഭക്തനാണെന്നും 80 ലക്ഷത്തിലധികം ശബരിമല ക്ഷേത്രത്തിന് സംഭാവന നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ മുഖേന ഗോവർദ്ധൻ വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. സംഭാവന വെറേ, സ്വർണക്കൊള്ള വെറേയെന്ന് കോടതി വ്യക്തമാക്കി. സംഭാവന നൽകുന്നയാൾ മോഷണം നടത്തില്ലെന്ന് പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്‌ണൻ പോറ്റിയിൽ നിന്ന് ഗോവർദ്ധൻ സ്വർണം വാങ്ങിയെന്നതാണ് കുറ്റം.