ബഡ്‌ജറ്റ് ചർച്ചയിൽ തരൂർ, കേരളം കേന്ദ്രത്തിന്റെ കണ്ണിൽപ്പെടുന്നില്ല

Wednesday 11 February 2026 12:21 AM IST

ന്യൂഡൽഹി: ഇക്കൊല്ലത്തെ കേന്ദ്ര ബഡ്‌ജറ്റ് ഏറെ പ്രതീക്ഷിച്ച കേരളത്തെ നിരാശപ്പെടുത്തിയെന്ന് ശശി തരൂർ എം.പി. എയിംസ്, അതിവേഗ പാത തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാത്തത്ത് ചൂണ്ടിക്കാട്ടിയ തരൂർ, കേരളം കേന്ദ്രത്തിന്റെ കണ്ണിൽപ്പെടാത്തത് എന്തുഹകൊണ്ടെന്നും ലോക്‌സഭയിൽ കേന്ദ്ര ബഡ്‌ജറ്റ് ചർച്ചയ്‌ക്ക് തുടക്കമിട്ട് സംസാരിക്കവെ ചോദിച്ചു. വാഗ്‌ദാനങ്ങൾ മാത്രം നിറച്ച് തലക്കെട്ടുകളിൽ ഒതുങ്ങിയ ബഡ്‌ജറ്റാണിതെന്നും തരൂർ ആരോപിച്ചു.

കോൺഗ്രസ് നേതൃത്വവുമായി സമവായത്തിലെത്തിയതിന്റെ സൂചനയായി ചർച്ച തുടങ്ങാൻ തരൂരിന് ലഭിച്ച അവസരം. വീഴ്‌ചയിൽ കാലിന് പരിക്കേറ്റതിനാൽ ഇരുന്നായിരുന്നു പ്രസംഗം. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തെ സർക്കാർ അനുനയിപ്പിച്ചതോടെയാണ് ചർച്ചയ്‌ക്ക് വഴിയൊരുങ്ങിയത്.എൻ.ഡി. എ സർക്കാരിന്റെ ഒന്നാം വർഷം വാഗ്‌ദാനം ചെയ്‌ത എയിംസ് ഇക്കുറിയും കേരളത്തിന് ലഭിച്ചില്ല. 22 എയിംസുകൾ കഴിഞ്ഞ ബഡ്‌ജറ്റുകളിൽ പ്രഖ്യാപിച്ചെങ്കിലും കേരളത്തിന്റെ കാര്യത്തിൽ മൗനം തുടരുന്നു. വിഴിഞ്ഞം തുറമുഖത്തെ പാടെ അവഗണിച്ചു. കപ്പൽ നിർമ്മാണ പദ്ധതികളിലും ഏറെ നദികളുള്ള കേരളത്തിന് പരിഗണനയില്ല. അതിവേഗ പാതയിൽ കേരളത്തെ അവഗണിച്ചു. രാഷ്‌ട്രീയ കാരണങ്ങളാലുള്ള അവഗണന ജനങ്ങളുടെ യാത്രാ ദുരിതം വർദ്ധിപ്പിക്കും. കേരളത്തിലെ നിർണായക വിളയായ കുരുമുളകിനെ അവഗണിച്ചു. സുഗന്ധ വ്യഞ്ജന വിപണി വൻ പ്രതിസന്ധി നേരിടുന്നു.

തൊഴിലുറപ്പ് പദ്ധതിയെ അപേക്ഷിച്ച് പുതിയ പദ്ധതിയിൽ സാങ്കേതികത്വം കൂടിയതിനാൽ തൊഴിലാളികൾക്ക് അവസരം നഷ്‌ടപ്പെടാൻ സാദ്ധ്യത കൂടുതലാണ്. നിറുത്തിയിട്ട വാഹനം പോലെയാണ് ബഡ്‌ജറ്റ്. അപകടത്തിൽപ്പെട്ട കാറിലെ എയർബാഗ് ശരിയാക്കുന്നത് പോലെയാണ് നിർദ്ദേശങ്ങൾ. സാധാരണക്കാരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാത്ത ബഡ്‌ജറ്റാണ്. നികുതി ഭാരം വ്യക്തികളിലേക്ക് ചൊരിഞ്ഞു. കോർപറേറ്റുകളെ വെറുതെ വിട്ടു.വ്യാപാര കരാറിൽ യു.എസ് ഉൽപന്നങ്ങൾക്ക് സമ്പൂർണ താരിഫ് ഇളവ് നൽകിയതിനെയും തരൂർ വിമർശിച്ചു.