അമേരിക്കന്‍ അട്ടിമറി ആവര്‍ത്തിച്ചില്ല; ഇത്തവണ ജയം പിടിച്ചെടുത്ത് പാകിസ്ഥാന്‍
കൊളംബോ: 2024ല്‍ സംഭവിച്ചത് പോലൊരു അട്ടിമറിക്ക് ഇത്തവണ പാകിസ്ഥാന്‍ അനുവദിച്ചില്ല. ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍. 32 റണ്‍സിനായിരുന്നു ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അമേരിക്കയുടെ മറുപടി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 എന്ന സ്‌കോറില്‍ അവസാനിച്ചു. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി പാകിസ്ഥാന്‍ ഗ്രൂപ്പില്‍ ഒന്നാമതായി.
വിജയലക്ഷ്യം പിന്തുടര്‍ന്ന അമേരിക്കന്‍ നിരയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ശുഭം രാഞ്ജനെ 51(30) ഷയാന്‍ ജഹാംഗിര്‍ 49(34) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. 22 പന്തുകളില്‍ നിന്ന് 29 റണ്‍സ് നേടിയ മിലിന്ദ് കുമാറും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും പാക് സ്‌കോര്‍ മറികടക്കാന്‍ അത് മതിയാകുമായിരുന്നില്ല. മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും തന്നെ കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല. പാകിസ്ഥാന് വേണ്ടി ഉസ്മാന്‍ താരിഖ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷദാബ് ഖാന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. ഷഹീന്‍ അഫ്രീദി, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍, ഓപ്പണര്‍ ഷഹിബ്സദാ ഫര്‍ഹാന്‍ നേടിയ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി 73(41) മികവില്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് ആണ് നേടിയത്. എന്നാല്‍ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം പിന്നീട് വന്നവര്‍ക്ക് മുതലാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പാകിസ്ഥാന് കഴിയുമായിരുന്നു.
ഒരു ഘട്ടത്തില്‍ അനായാസം 200 കടക്കുമെന്ന് തോന്നിച്ച പാകിസ്ഥാനെ ഈ സ്‌കോറില്‍ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് അമേരിക്കയുടെ മികച്ച ബൗളിംഗ്, ഫീല്‍ഡിംഗ് പ്രകടനങ്ങളിലൂടെയാണ്. ഓപ്പണര്‍ സയീം അയൂബ് 19(17), ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 1(3), ബാബര്‍ അസം 46(32), മുഹമ്മദ് നവാസ് 5(10), ഷദാബ് ഖാന്‍ 30(12), ഫഹീം അഷ്റഫ് 1(2), ഉസ്മാന്‍ ഖാന്‍ 0(1) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന. ഷഹീന്‍ ഷാ അഫ്രീദി 7*(3) പുറത്താകാതെ നിന്നു.
അമേരിക്കയ്ക്ക് വേണ്ടി ഷാഡ്ലി വാന്‍ ഷാല്‍ക്വിക് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സൗരബ് നേത്രവല്‍ക്കര്‍, മൊഹമ്മദ് മൊഹ്സിന്‍, ഹര്‍മീത് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.