പ്രാവിന് രക്ഷകരായി ഫയർഫോഴ്സ്

Wednesday 11 February 2026 12:39 AM IST

പത്തനംതിട്ട: കാലിൽ നൂൽ ചുറ്റി തലകീഴായി വൈദ്യുതി കേബിളിൽ തൂങ്ങിക്കിടന്ന പ്രാവിന് രക്ഷകരായി ഫയർഫോഴ്സ് സംഘം. പത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വൈദ്യുതി കേബിളിലാണ് പ്രാവ് കുടുങ്ങിയത്. ഫയർഫോഴ്‌സ് വാഹനത്തിൽ ഉണ്ടായിരുന്ന ലാഡർ മുകളിലേക്ക് ഉയർത്തി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഫ്രാൻസിസ് നൂലിന്റെ കെട്ട് പൊട്ടിച്ച് പ്രാവിനെ രക്ഷപ്പെടുത്തി.

അവശനിലയിലായിരുന്ന പ്രാവിന് സേനാംഗങ്ങൾ വെള്ളം നൽകിയെങ്കിലും കാലിന് പരിക്കുള്ളതിനാൽ പറന്നുപോയില്ല. ജീവൻ അപകടത്തിലാകാനുള്ള സാദ്ധ്യതയുള്ളതിനാൽ പ്രാവിനെ ജീവനക്കാർ ഫയർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷൻ ഓഫീസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എ.സാബു, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഫ്രാൻസിസ്, ശ്യാംജി, അനുരാജ്, അജു, രാജശേഖരൻ നായർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.