ശബരിപാത: സ്ഥലമെടുപ്പ്, നിർമ്മാണ ഓഫീസുകൾ വീണ്ടും തുറക്കും
കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയുടെ നിർമ്മാണം ചെലവ് പങ്കിട്ട് പുനരാരംഭിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചതോടെ സ്ഥലം ഏറ്റെടുക്കൽ, നിർമ്മാണം എന്നിവയ്‌ക്കുള്ള ഓഫീസുകൾ പുനരാരംഭിക്കും. പദ്ധതി മരവിപ്പിച്ച ഉത്തരവുകൾ റദ്ദാക്കുന്നതിന് പിന്നാലെ ഓഫീസുകൾ തുറക്കുമെന്നാണ് സൂചനകൾ.
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ മുതൽ ഇടുക്കി ജില്ലാ അതിർത്തി വരെ സ്ഥലം ഏറ്റെടുക്കുന്നതിന് മൂവാറ്റുപുഴയിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. പദ്ധതി മരവിപ്പിച്ചതോടെ ഓഫീസ് പൂട്ടിയിരുന്നു. അങ്കമാലി മുതൽ കാലടി വരെ മാത്രമാണ് നിർമ്മിച്ചത്. എറണാകുളത്താണ് നിർമ്മാണവുമായി ബന്ധപ്പെട്ട റെയിൽവെയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. പദ്ധതി വീണ്ടും ആരംഭിക്കാൻ തീരുമാനിച്ചതിനാൽ രണ്ട് ഓഫീസുകളും പുനരാരംഭിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്ക് സ്ഥലം വിട്ടുനൽകാൻ ഉടമകൾ സന്നദ്ധത മുമ്പേ അറിയിച്ചിട്ടുള്ളതിനാൽ സർക്കാർ പണം അനുവദിക്കുന്നത് പ്രകാരം ഏറ്റെടുക്കാൻ കഴിയുമെന്ന് ശബരി ആക്ഷൻ കൗൺസിൽ ഫെഡറേഷൻ അറിയിച്ചു.
റെയിൽവേ അഭ്യർത്ഥിച്ചു, കേരളം കേട്ടു
1997- 98 കാലത്ത് ആരംഭിച്ച അങ്കമാലി -കാലടി ഏഴു കിലോമീറ്റർ നിർമ്മാണവും കാലടി- പെരുമ്പാവൂർ 10 കിലോമീറ്റർ പ്രാഥമിക പ്രവൃത്തികളുമാണ് പൂർത്തിയായത്. 2019 സെപ്തംബറിൽ പദ്ധതി നിറുത്തിവച്ചു. പദ്ധതി ചെലവിന്റെ 50 ശതമാനം വിഹിതം ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാൻ റെയിൽവെ കേരളത്തോട് അഭ്യർത്ഥിച്ചു. സർക്കാർ ഇത് അംഗീകരിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് റെയിൽവ അധികൃതർ അറിയിച്ചു. സ്ഥലം ഏറ്റെടുക്കാൻ മുമ്പ് പുറപ്പെടുവിച്ചിരുന്ന ഉത്തരവ് പദ്ധതി മരവിപ്പിച്ചതിനെ തുടർന്ന് റദ്ദായിരുന്നു. വീണ്ടും സ്ഥലം ഏറ്റെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചശേഷം ഓഫീസുകൾ ആരംഭിക്കാനാണ് സർക്കാർ നീക്കം.
റെയിൽവേ മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാന സർക്കാരുമായി ചേർന്ന തുടർനടപടികൾ സ്വീകരിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.
ബഡ്‌ജറ്റ് വിഹിതം വർദ്ധിച്ചു
സമീപവർഷങ്ങളിൽ ബഡ്‌ജറ്റ് വിഹിതത്തിൽ ശബരിപാതയ്‌ക്ക് വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ശബരിമല പദ്ധതി ഉൾപ്പെടെ കേരള സംസ്ഥാനത്തുകൂടി പൂർണമായോ ഭാഗികമായോ കടന്നുപോകുന്ന അടിസ്ഥാന സൗകര്യ പദ്ധതികൾക്കും സുരക്ഷാ പ്രവർത്തനങ്ങൾക്കുമാണ് ബഡ്‌ജറ്റ് വിഹിതം അനുവദിച്ചത്.
കേന്ദ്ര ബഡ്‌ജറ്റിൽ
കാലയളവ് വിഹിതം
2009-2014 .................. 372 കോടി
2025- 26 ......................3,042 കോടി