അഞ്ചുദിവസം ജോലി:വിയോജിപ്പ്
കൊച്ചി: സർക്കാർ വകുപ്പുകളിൽ അഞ്ചുദിവസ പ്രവർത്തനവാരം നടപ്പാക്കാനുള്ള നിർദേശത്തിൽ ആശങ്ക രേഖപ്പെടുത്തി കേരള മാനേജ്മെന്റ് അസോസിയേഷൻ (കെ.എം.എ) ചീഫ് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു. സർക്കാർ ഓഫീസുകൾ പൗരന്മാരും വ്യവസായ മേഖലയും നേരിട്ട് ഇടപെടുന്ന പ്രധാന വേദിയായതിനാൽ സേവനസമയം കുറയുന്നത് ദോഷകരമാകും. നിലവിലെ ഘടനാപരമായ അപര്യാപ്തതകൾ പരിഹരിക്കാതെ പ്രവർത്തന ദിവസങ്ങൾ കുറച്ചാൽ ഭരണകാര്യശേഷി ചുരുങ്ങും. പൗരന്മാരുടെയും ബിസിനസുകളുടെയും ഉത്പാദക സമയം നഷ്ടപ്പെടുകയും 'ഈസ് ഒഫ് ഡൂയിംഗ് ബിസിനസ്' സംബന്ധിച്ച പ്രതികൂലധാരണ രൂപപ്പെടും. ഫയലുകളും അനുമതികളും കെട്ടിക്കിടക്കുന്നത് വർദ്ധിക്കും. സമഗ്രമായ പൊതുചർച്ചയും വിലയിരുത്തലും പൂർത്തിയാകുന്നതുവരെ തീരുമാനം മാറ്റിവയ്ക്കണമെന്ന് കെ.എം.എ അഭ്യർത്ഥിച്ചു.