സുരക്ഷിതരല്ല കുട്ടികൾ: വർദ്ധിച്ച് പോക്സോ കേസുകൾ

Wednesday 11 February 2026 12:21 AM IST
പോക്സോ

സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് കോഴിക്കോട്

കോഴിക്കോട്: കുട്ടികൾ സുരക്ഷിതരല്ലെന്നതിന് തെളിവായി കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകളുടെ എണ്ണം കൂടുന്നു. വീടിനുള്ളിലും പൊതുസ്ഥലങ്ങളിലും കുട്ടികൾ സുരക്ഷിതരല്ലെന്നാണ് കേസുകൾ തെളയിക്കുന്നത്. ഗ്രാമങ്ങളിലാണ് കേസുകൾ കൂടുതൽ. സംസ്ഥാനത്ത് 4,753 കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്താണ്. കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്താണ്. ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് ജില്ലയിലേതെന്ന് പൊലീസ് പറയുന്നു. പൊലീസ് റിപ്പോർട്ട് പ്രകാരം എല്ലാ കേസുകളിലെയും പ്രതികളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഒരു വശത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോൾ പോക്സോ നിയമത്തെ പറ്റി മുമ്പുള്ളതിനെക്കാൾ അവബോധമുള്ളതിനാൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണവും കൂടുകയാണ്.വിദ്യാലയങ്ങളിൽ നടക്കുന്ന കൗൺസിലിംഗിലൂടെയും ബോധവത്കരണ ക്ലാസുകളിലൂടെയും തങ്ങൾ നേരിടുന്ന അതിക്രമ ങ്ങളെക്കുറിച്ച് തുറന്നു പറയാൻ കുട്ടികളും തയ്യാറാകുന്നുണ്ട്. കേസുകളിലെ രാസ പരിശോധന റിപ്പോർട്ടുകൾ വൈകുന്നത് പലപ്പോഴും വിനയാകുന്നുണ്ട്. ഇത് പല കേസുകളും അനന്തമായി നീളാനും നീതി നിഷേധിക്കപ്പെടാനും കാരണമാകുന്നുവെന്ന് ആക്ഷേപമുണ്ട്.

പ്രതിസ്ഥാനത്ത് ബന്ധുക്കളും പരിചയക്കാരും

പോക്സോ കേസുകളിലെ ഭൂരിഭാഗം പ്രതികളും ബന്ധുക്കളും പരിചയക്കാരുമാണെന്ന് പൊലീസ് പറയുന്നു. ജില്ലയിൽ പോക്സോ കേസുകൾക്കായി മൂന്ന് അതിവേഗ പ്രത്യേക കോടതികളും ഒരു അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുമുണ്ട്. അതേസമയം 18 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾ പലപ്പോഴും ലഹരിക്കടിമപ്പെട്ട് പീഡനത്തിന് ഇരയാകുന്ന സംഭവങ്ങളും വർദ്ധിച്ചുവരുകയാണ്.

ജില്ലയിൽ പോക്സോ കേസുകൾ (2025)....460

ഗ്രാമങ്ങളിൽ.... 246

നഗരങ്ങളിൽ....217

ജില്ലയിലെ അതിവേഗ സ്പെഷ്യൽ കോടതികൾ

കോഴിക്കോട്

കൊയിലാണ്ടി

നാദാപുരം