ഡോ. ബി. രവിപിള്ള അക്കാഡമിക് എക്സലൻസ് സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം ഇന്ന്

Wednesday 11 February 2026 12:00 AM IST

കൊല്ലം: പഠന മികവുള്ള വിദ്യാർത്ഥികൾക്ക് നൽകുന്ന ഡോ. രവി പിള്ള അക്കാഡമിക് എക്സലൻസ് സ്‌കോളർഷിപ്പിന്റെ വിതരണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 3.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ. രാജൻ, കെ.എൻ. ബാലഗോപാൽ, മേയർ വി.വി. രാജേഷ് തുടങ്ങിയവർ മുഖ്യാതിഥികളാകും. ആർ.പി ഗ്രൂപ്പ് ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവിപിള്ള സദസിനെ അഭിസംബോധന ചെയ്യും. എം.എൽ.എമാരും പങ്കെടുക്കും.

നോർക്ക റൂട്ട്സുമായി സഹകരിച്ചാണ് ഡോ.രവി പിള്ള ഫൗണ്ടേഷൻ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 500 വിദ്യാർത്ഥികൾക്കായി 10 കോടിയുടെ വിദ്യാഭ്യാസ സഹായമാണ് നൽകുന്നത്. അടുത്ത 50 വർഷത്തേക്ക് 525 കോടി സ്‌കോളർഷിപ്പിനായി ഫൗണ്ടേഷൻ നീക്കിവച്ചു. ഈ വർഷം സ്‌കോളർഷിപ്പിനായി 10,942 അപേക്ഷകൾ ലഭിച്ചു. ഇതിൽ നിന്ന് അർഹരായ 1500 വിദ്യാർത്ഥികൾക്കാണ് സഹായം നൽകുന്നത്. സംസ്ഥാന സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗങ്ങളിലായി ഹയർ സെക്കൻഡറി തലത്തിൽ 1100 വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ്. ഒരു വിദ്യാർത്ഥിക്ക് 50,000 രൂപ വീതം നൽകും. ബിരുദതലത്തിൽ, പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾ ഉൾപ്പെടെ 200 വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമാണ് സ്‌കോളർഷിപ്പ്. ബിരുദാനന്തര ബിരുദ തലത്തിൽ 200 വിദ്യാർത്ഥികൾക്ക് 1,25,000 രൂപ വീതം നൽകും.