അണ്ടർ 20 ഫുട്ബാൾ : തലസ്ഥാനം പുറത്ത്, കാസർകോട് സെമിയിൽ

Tuesday 10 February 2026 11:42 PM IST

തിരുവനന്തപുരം: സംസ്ഥാന അണ്ടർ 20 ഇന്റർ ഡിസ്ട്രിക്റ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മറുപടിയില്ലാത്ത നാലുഗോളുകൾക്ക് തിരുവനന്തപുരത്തെ തോൽപ്പിച്ച് കാസർകോട് സെമിയിലെത്തി. കാസർകോടിനായി ക്യാപ്ടൻ ഉമ്മർ അഫാഫ് രണ്ടും ഹേമന്ത് സനിൽകുമാർ, മുഹമ്മദ് നിജാദ് എന്നിവർ ഒരോ ഗോളും നേടി.കളിയുടെ 19ാം മിനിട്ടിൽ ഉമർ അഫാഫാണ് കാസർകോടിനായി ആദ്യ ഗോൾ നേടിയത്.

രണ്ടാം പകുതിയുടെ ആദ്യ മിനിട്ടിൽ തന്നെ അഫാഫ് തലസ്ഥാനത്തിന്റെ ഗോൾമുഖത്ത് വീണ്ടും ഇടിത്തീയായി. 50ാം മിനിട്ടിൽ പെനാൽട്ടിയിൽ നിന്നാണ് ഹേമന്ത് സ്കോർ ചെയ്തത്. 89ാം മിനിട്ടിലായിരുന്നു മുഹമ്മദ് നിജാദിന്റെറെ വകയായി നാലാം ഗോൾ.വെള്ളിയാഴ്ച നടക്കുന്ന ആദ്യസെമിയിൽ കോട്ടയമാണ് കാസർകോടിന്റെ എതിരാളികൾ.

മറ്റൊരു മത്സരത്തിൽ കോഴിക്കോടിനെ തകർത്ത് ആലപ്പുഴ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മൈലം ജി.വി.രാജ സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഷൂട്ടൗട്ടിലൂടെയാണ് (5-4) കോഴിക്കോടിനെ മലർത്തിയടിച്ചത്. നിശ്ചിത സമയം പൂർത്തിയാകുമ്പോൾ ഇരുടീമും 2-2 എന്ന നിലയിലായിരുന്നു. തുടർന്ന് മത്സരം പെനൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അഞ്ച് കിക്കുകളിൽ കോഴിക്കോടിന്റെ മൂന്ന് കിക്കുകളും ലക്ഷ്യം കാണാതെ പോയപ്പോൾ നാലെണ്ണത്തിൽ മൂന്നും വലയിലേക്ക് അടിച്ചുകയറ്റിയാണ് ആലപ്പുഴ വിജയം കൊയ്തത്.