പത്തരമാറ്റ് കിവീസ്

Tuesday 10 February 2026 11:44 PM IST

10 വിക്കറ്റിന് യു.എ.ഇയെ തോൽപ്പിച്ച് ന്യൂസിലൻഡ്

ചെന്നൈ : ട്വന്റി-20 ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ രണ്ടാം മത്സരത്തിലും വിജയിച്ച് ന്യൂസിലാൻഡ്. ഇന്നലെ യു.എ.ഇയെ 10 വിക്കറ്റിനാണ് കിവീസ് തകർത്തത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റുചെയ്ത യു.എ.ഇ നിശ്ചിത 20 ഓവറിൽ 173/6 എന്ന സ്കോർ ഉയർത്തിയെങ്കിലും മറുപടിക്കിറങ്ങിയ ന്യൂസിലാൻഡ് ഒറ്റവിക്കറ്റുപോലും കളയാതെ 15.2 ഓവറിൽ 175 റൺസ് വമ്പൻ വിജയം ആഘോഷിച്ചു.

മലയാളി താരം അലിഷാൻ ഷറഫുവിന്റേയും (55),ക്യാപ്ടൻ മുഹമ്മദ് വസീമിന്റേയും (66) അർദ്ധസെഞ്ച്വറികളുടെ മികവിലാണ് യു.എ.ഇ 173ലെത്തിയത്. ഓപ്പണർമാരായ ടിം സീഫർട്ടും (89 നോട്ടൗട്ടും) ഫിൻ അലനും (84 നോട്ടൗട്ട്) തകർത്താടിയതോടെ ഈ സ്കോറൊന്നും കിവീസിന് മുന്നിൽ ഒന്നുമല്ലാതായി. 42 പന്തുകളിൽ 12 ഫോറുകളും മൂന്ന് സിക്സുകളും പറത്തിയ സീഫർട്ടാണ് പ്ളേയർ ഒഫ് ദ മാച്ച്. ഫിൻ അലൻ 50 പന്തുകളിൽ അഞ്ചുവീതം ഫോറും സിക്സുമാണ് പറത്തിയത്.

നേരത്തേ ഓപ്പണർ ആര്യാംശ് ശർമ്മ(8) രണ്ടാം ഓവറിൽ പുറത്തായശേഷം ക്രീസിലൊരുമിച്ച അലിഷാനും വസീമും ചേർന്ന് 107 റൺസാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 47 പന്തുകളിൽ അലിഷാൻ അഞ്ചുഫോറുകളും രണ്ട് സിക്സുകളും പായിച്ച അലിഷാൻ 15-ാം ഓവറിലാണ് പുറത്തായത്. 45 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സും പായിച്ച വസീം അവസാനം വരെ ക്രീസിൽ നിന്നു.

ഈ വിജയത്തോടെ ന്യൂസിലാൻഡ് നാലുപോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് കിവീസിന്റെ അടുത്ത മത്സരം. യു.എ.ഇ വെള്ളിയാഴ്ച കാനഡയെ നേരിടും.

175

ട്വന്റി-20 ലോകകപ്പിലെ ന്യൂസിലൻഡിന്റെ ഏത് വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇന്നലെ സീഫർട്ടും അലനും നേടിയ 175 റൺസ്.ട്വന്റി-20യിലെ കിവീസിന്റെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടും ഇതുതന്നെ.

107

അലിഷാൻ ഷറഫുവും വസീമും രണ്ടാം വിക്കറ്റിൽ ഉയർത്തിയ 107 റൺസിന്റെ കൂട്ടുകെട്ട് യു.എ.ഇയുടെ ട്വന്റി-20 ലോകകപ്പിലെ ഏതുവിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ട്.