ഇന്ത്യ നാളെ നമീബിയയോട്, സൂര്യയേയും സംഘത്തെയും കാത്ത് കേഴ്സ്റ്റൺ
ന്യൂഡൽഹി : നാളെ ട്വന്റി-20 ലോകകപ്പിൽ നമീബിയയെ നേരിടാൻ സൂര്യകുമാർ യാദവും സംഘവും ന്യൂഡൽഹിയിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് ഏറെ പരിചിതമായ ഒരു മുഖം എതിർനിരയിലുണ്ടാകും. 2011ൽ ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കിയ പരിശീലകൻ ഗാരി കേഴ്സ്റ്റനാണത്. നമീബിയൻ ടീമിന്റെ ഉപദേശകനായാണ് കേഴ്സ്റ്റൺ ലോകകപ്പിനെത്തിയിരിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ചും കളിക്കാരെക്കുറിച്ചും നന്നായി അറിയുന്ന കേഴ്സ്റ്റന്റെ സഹായം ലോകകപ്പിൽ പ്രയോജനപ്പെടും എന്ന കണക്കുകൂട്ടലിലാണ് രണ്ടുമാസം മുമ്പ് ഇദ്ദേഹത്തെ നമീബിയൻ ടീം കൺസൾട്ടന്റായി നിയമിച്ചത്.
മഹേന്ദ്ര സിംഗ് ധോണിയും സംഘവും 2011ൽ ഏകദിന ലോകകപ്പ് ഉയർത്തിയതിൽ കേഴ്സ്റ്റന്റെ പങ്ക് നിർണായകമായിരുന്നു. മുൻ ദക്ഷിണാഫ്രിക്കൻ താരമായിരുന്ന കേഴ്സ്റ്റന്റെ കോച്ചിംഗ് കരിയറിലെ ഏറ്റവും തിളക്കമുള്ള
നേട്ടവും ആ ലോകകപ്പായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്നാണ് ധോണി കേഴ്സ്റ്റണെ വിശേഷിപ്പിച്ചത്. സൗമ്യമായ ശൈലിയിലൂടെ കളിക്കാരെ മാനസികമായി സജ്ജരാക്കാനും ആത്മവിശ്വാസത്തോടെ കളിക്കാനും പ്രേരിപ്പിച്ച കോച്ചാണ് കേഴ്സ്റ്റൺ.
ലോകകപ്പ് നേട്ടത്തിന് ശേഷം ഇന്ത്യ വിട്ട കേഴ്സ്റ്റൺ ദക്ഷിണാഫ്രിക്കൻ ടീമിനെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിച്ചു.പിന്നീട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മാറി. ആർ.സി.ബിക്കും ഗുജറാത്ത് ജയന്റ്സിനുമൊപ്പം ബാറ്റിംഗ് കോച്ചായി പ്രവർത്തിച്ചു.2024 പാകിസ്ഥാൻ ടീമിന്റെ ഹെഡ് കോച്ചായെങ്കിലും അവിടുത്തെ സാഹചര്യങ്ങളോട് ഒത്തുപോകാൻ കഴിയാത്തതിനാൽ ആറുമാസത്തിനുള്ളിൽ മതിയാക്കി.