നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കൂടി മുളച്ചിരിക്കുന്നു: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.എസ്

Thursday 17 October 2019 4:21 PM IST

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാകിസ്ഥാനെക്കാൾ പുറകോട്ട് പോയ കാര്യം ചൂണ്ടിക്കാണിച്ച് ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. രാജ്യം ഇത്തരമൊരു അവസ്ഥയിലായിട്ടും ഇന്ത്യ മുന്നേറുകയാണെന്നാണ് ചിലരുടെ വാദമെന്നും വി.എസ് ചൂണ്ടിക്കാട്ടുന്നു. 'അച്ഛേ ദിൻ' ഇന്ത്യയിൽ വന്നുകഴിഞ്ഞുവെന്നും ഇനിയും പാകിസ്ഥാനിൽ പോകാൻ ആക്രോശിച്ചാൽ രാജ്യത്തെ പട്ടിണിപാവങ്ങൾ ആ ആക്രോശം സ്വീകരിക്കാൻ ഇടയുണ്ടെന്നും വി.എസ് വലതുപക്ഷ പാർട്ടികളെ പരിഹസിച്ചു.

ഇന്ത്യയുടെ വളർച്ചാനിരക്ക് വരുംവർഷങ്ങളിൽ കുറഞ്ഞുവരുമെന്ന ലോകബാങ്കിന്റെ മുന്നറിയിപ്പിനെ കുറിച്ചും വി.എസ് തന്റെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.' രാമക്ഷേത്രം നിർമ്മിക്കുമെന്ന് വീരവാദം മുഴക്കിയും ശബരിമലയിൽ കയറാൻ വരുന്ന സ്ത്രീകളെ തല്ലിയോടിച്ചും നടത്തുന്ന പൊറാട്ട് നാടകം വഴി' കർഷകരുടേയും തൊഴിലാളികളുടേയും നിലനിൽപ്പിനായുള്ള പോരാട്ടത്തെ തകർക്കാമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണെന്നും വി.എസ് പറയുന്നു.

വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'ഇന്ത്യ മുന്നേറുകയാണത്രെ!
നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കൂടി മുളച്ചിരിക്കുന്നു. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യക്ക് സ്ഥാനക്കയറ്റം കിട്ടി എന്നാണ് പുതിയ വാർത്ത. പാക്കിസ്ഥാനെയും പിന്തള്ളി ഇന്ത്യ നൂറ്റി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. അച്ഛേ ദിൻവന്നുകഴിഞ്ഞു. ഇനിയും പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിച്ചാൽ പട്ടിണിപ്പാവങ്ങൾ സസന്തോഷം ആ ആക്രോശം സ്വീകരിക്കാനിടയുണ്ട്.

ഇന്ത്യയുടെ വളർച്ചാ നിരക്ക് കുത്തനെ ഇടിയാൻ പോവുകയാണെന്ന മുന്നറിയിപ്പ് ലോകബാങ്ക് നൽകിക്കഴിഞ്ഞു. ഗ്രാമീണ സമ്പദ് വ്യവസ്ഥ തകർന്നതും തൊഴിലില്ലായ്മ ഉയർന്നതുമാണത്രെ കാരണം. ലോക ബാങ്ക് പറഞ്ഞിട്ടൊന്നും വേണ്ട, ഇന്ത്യക്കാർ ഇക്കാര്യം അറിയാൻ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാർക്കും അംബാനിമാർക്കും സമർപ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. നോട്ട് നിരോധനവും ജി.എസ്.ടിയും വരുത്തിവെച്ച വിന ഭീതിദമാണ്. സാമ്പത്തിക വളർച്ചാ നിരക്ക് ഏതാണ്ട് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് കണക്കുകൾ പറയുന്നത്.

ഇതിനിടയിലും രാമക്ഷേത്രം നിർമ്മിക്കുമെന്ന് വീരവാദം മുഴക്കിയും, ശബരിമലയിൽ കയറാൻ വരുന്ന സ്ത്രീകളെ തല്ലിയോടിച്ചും നടത്തുന്ന ആ പൊറാട്ട് നാടകത്തിലൂടെ കർഷകരുടേയും തൊഴിലാളികളുടേയും നിലനിൽപ്പിനായുള്ള പോരാട്ടത്തെ തകർക്കാമെന്നത് വ്യാമോഹം മാത്രമാണ്.'