മൾട്ടി ലെവൽ പാർക്കിംഗ് ടവർ ഉടൻ തുറക്കും
കൊല്ലം: കൊല്ലം റയിൽവേ സ്റ്റേഷനിൽ പുതിയ മൾട്ടിലെവൽ കാർ പാർക്കിംഗ് ടവറിന്റെ ഉദ്ഘാടനം രണ്ട് ദിവസത്തിനകം നടക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. 391 കോടി രൂപയുടെ കൊല്ലം റയിൽവേ സ്റ്റേഷൻ പുനർ നിർമ്മാണത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് മൾട്ടിലെവൽ കാർ പാർക്കിംഗ്. 28.7 കോടിയാണ് നിർമ്മാണ ചെലവ്. ഒരേ സമയം 138 കാറുകളും 236 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാം. അഞ്ച് നിലകളിലായി 1.15 ലക്ഷം ചതുരശ്ര അടി വിസ്തീർണമുണ്ട് പാർക്കിംഗ് കെട്ടിടത്തിന്. അഗ്‌നിശമന സംവിധാനങ്ങൾ തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്. പാർക്കിംഗ് സംവിധാനം യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി തുറന്ന് കൊടുക്കാനുളള കരാർ ഉൾപ്പെടെയുള്ള നടപടി പൂർത്തീകരിച്ചായിരിക്കും ഉദ്ഘാടനം നടത്തുന്നത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക സംവിധാനവും ശൗചാലയങ്ങളും യാത്രക്കാർക്കുള്ള ഇതരസംവിധാനങ്ങളം സജ്ജീകരിച്ചിട്ടുണ്ട്.