ശിവരാത്രി 15ന്; ക്ഷേത്രങ്ങൾ ഒരുങ്ങി

Wednesday 11 February 2026 1:33 AM IST

തിരുവനന്തപുരം: ഇക്കൊല്ലത്തെ മഹാശിവരാത്രി 15ന്. ശിവരാത്രിയെ വരവേൽക്കാൻ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ശിവരാത്രി വരുന്നത്. 15ന് രാത്രിയിലാണ് ഉറക്കമൊഴിയേണ്ടത്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ ഐശ്വര്യവും അഭിവൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം.

പാലാഴി മഥനം നടന്നപ്പോൾ രൂപംകൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം മഹാദേവൻ പാനം ചെയ്തു. ഈ വിഷം ഉള്ളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ വിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും പരമേശ്വരന് നീലകണ്ഠൻ എന്നു പേരുവരികയും ചെയ്തു. ശിവനുവേണ്ടി പാർവതീദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് ശിവരാത്രിയെന്നാണ് ഐതീഹ്യം.

 വ്രതമെടുക്കുമ്പോൾ

ആരോഗ്യം കരുതണം

വ്രതമെടുക്കുന്നവർ ആരോഗ്യസ്ഥിതി കൂടി പരിഗണിക്കണം. ശിവരാത്രിയുടെ തലേന്ന് വൈകിട്ട് അരിയാഹാരം പാടില്ല. പകലുറക്കം, എണ്ണതേച്ചുകുളി, തലേന്നത്തെ ആഹാരം എന്നിവ പാടില്ല. ശിവരാത്രി നാളിൽ രാവിലെ ശരീരശുദ്ധി വരുത്തി 'ഓം നമഃശിവായ" മന്ത്രം ജപിച്ച് ശിവക്ഷേത്രദർശനം നടത്തണം. പകൽ പൂർണ ഉപവാസമെടുക്കുന്നവരുണ്ട്. ക്ഷേത്രത്തിൽ നിന്നുള്ള നേദ്യമോ കരിക്കിൻ വെള്ളമോ പഴമോ കഴിക്കാം. അമിത ഭക്ഷണം പാടില്ല. രാത്രി പൂർണമായി ഉറക്കമിളയ്ക്കണം. പിറ്റേന്ന് കുളിച്ച് ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച് പാരണ വിടാം. ശേഷം പകലുറക്കം പാടില്ല. ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിൽ 12 ശിവക്ഷേത്രങ്ങളിലൂടെയുള്ള ശിവാലയം ഓട്ടം 14ന് തുടങ്ങി 15ന് അവസാനിക്കും. ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുകയെന്നതാണ് ശിവാലയം ഓട്ടത്തിനു പിന്നിലെ വിശ്വാസം.