ഇഷ മഹാശിവരാത്രി ആഘോഷം: 29 കേന്ദ്രങ്ങളിൽ തത്സമയ സംപ്രേഷണം

Wednesday 11 February 2026 1:35 AM IST

തിരുവനന്തപുരം: കോയമ്പത്തൂർ ഇഷ യോഗ സെന്ററിൽ സദ്ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ നടക്കുന്ന മഹാശിവരാത്രിയാഘോഷം കേരളത്തിലുടനീളം വിപുലമായി ആഘോഷിക്കും. 15ന് വൈകിട്ട് 6 മുതൽ പിറ്റേന്ന് പുലർച്ചെ 6 വരെ നീണ്ടുനിൽക്കുന്ന ആത്മീയ ഉത്സവം,​ കേരളത്തിലെ 29 പ്രമുഖ കേന്ദ്രങ്ങളിൽ തത്സമയ സംപ്രേഷണം ചെയ്യും.

തിരഞ്ഞെടുത്ത 12 ക്ഷേത്രങ്ങളിൽ വച്ച് ഭക്തർക്ക് സൗജന്യമായി പഞ്ചമുഖ രുദ്രാക്ഷം പ്രസാദമായി സ്വീകരിക്കാനുള്ള സൗകര്യമുണ്ടാകും. ടിവി ചാനലുകൾ,​ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ,​ എന്നിവയിലൂടെ 24 ഭാഷകളിൽ ആഘോഷങ്ങൾ സംപ്രേഷണം ചെയ്യും. കോയമ്പത്തൂരിലെ ആദിയോഗി പ്രതിമയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ചടങ്ങുകളിൽ സദ്ഗുരു നയിക്കുന്ന 'മഹാമന്ത്ര" ദീക്ഷയും പ്രത്യേക ധ്യാനങ്ങളുമാണ് പ്രധാന ആകർഷണം.

ഭൂമിയുടെ വടക്കേ പകുതിയിൽ ഗ്രഹങ്ങളുടെ പ്രത്യേക വിന്യാസം കാരണം മനുഷ്യശരീരത്തിൽ ഊർജ്ജം സ്വാഭാവികമായി മുകളിലേക്ക് ഉയരുന്ന രാത്രിയിൽ നട്ടെല്ല് നിവർത്തി ഉണർന്നിരിക്കുന്നത് ശാരീരികവും ആത്മീയവുമായ പുരോഗതിക്ക് സഹായിക്കുമെന്ന് സദ്ഗുരു വ്യക്തമാക്കിയതായി ഇഷ ഹഠയോഗ അദ്ധ്യാപകൻ ജയകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഔദ്യോഗിക വെബ്സൈറ്റിൽ ബന്ധപ്പെടാം. ഇഷ വൊളന്റിയേഴ്സ് ആയ രാഹുൽ രാജീവ്, ഡോ. പ്രശാന്ത് എന്നിവർ പങ്കെടുത്തു.