പ്രഥമാദ്ധ്യാപികയെ തടഞ്ഞ സംഭവം: തന്റെ ഭാഗം കേൾക്കണമെന്ന് സ്കൂൾ മാനേജർ

Wednesday 11 February 2026 12:44 AM IST

കൊല്ലം: ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ പ്രഥമാദ്ധ്യാപികയെ പ്രവേശന കവാടത്തിൽ തടഞ്ഞ സംഭവത്തിൽ തന്റെ ഭാഗംകൂടി കേൾക്കണമെന്ന് സ്കൂൾ മാനേജർ. നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജർ അമ്പലക്കര കെ.സുരേഷ് കുമാറാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകിയ വിശദീകരണത്തിൽ ആവശ്യം ഉന്നയിച്ചത്.

തന്റെ അറിവോടെയല്ല സെക്യൂരിറ്റി ജീവനക്കാരൻ പ്രഥമാദ്ധ്യാപിക സിന്ധു എസ്.നായരെ തടഞ്ഞത്. എന്നാൽ പൊലീസ് ഏകപക്ഷീയമായി പ്രവർത്തിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ തന്റെ ഭാഗംകൂടി കേൾക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്നാണ് ആവശ്യം. കഴിഞ്ഞ 4ന് നടന്ന സംഭവത്തിൽ പ്രഥമാദ്ധ്യാപികയുടെ പരാതിയിൽ സെക്യൂരിറ്റി ജീവനക്കാരനെയും മാനേജർ കെ.സുരേഷ് കുമാറിനെയും പ്രതിചേർത്താണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. സെക്യൂരിറ്റി ജീവനക്കാരനെ തൊട്ടടുത്ത ദിവസംതന്നെ സ്കൂളിൽ നിന്ന് പുറത്താക്കി

യിരുന്നു. പൊതുവിദ്യാസ വകുപ്പ് വിഷയത്തിൽ ഗൗരവമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിലാണ് മാനേജർ വിശദീകരണം നൽകിയത്. സ്കൂൾ മാനേജർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്.