ടാങ്കിന് ഇടം നൽകാതെ ദേവസ്വം: ഗുരുവായൂരിൽ അമൃതിലെ 10 കോടി വെള്ളത്തിൽ കുടിവെള്ളത്തിന് കാത്ത് ജനങ്ങൾ
തൃശൂർ: പൈപ്പുകൾ ഇടുകയും വീടുകളിലേക്ക് കണക്‌ഷൻ നൽകുകയും ചെയ്തിട്ടും വാട്ടർ ടാങ്ക് നിർമിക്കാത്തതിനാൽ അമൃത് പദ്ധതിയിൽ അനുവദിച്ച പത്ത് കോടി നഷ്ടമാകുമെന്ന ആശങ്കയിൽ ജല അതോറിട്ടി.വെള്ളം സൗജന്യമായി നൽകാതെ ടാങ്ക് വയ്ക്കാൻ ഇടം നൽകില്ലെന്ന ഗുരുവായൂർ ദേവസ്വത്തിന്റെ നിലപാടാണ് പ്രശ്നം. അടുത്ത ദിവസം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തുന്ന അവലോകന യോഗത്തിനായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും മുനിസിപ്പാലിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.2021 ഒക്‌ടോബറിലാണ് 2025-26 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കണമെന്ന ലക്ഷ്യവുമായി പദ്ധതി ആരംഭിച്ചത്. 2,500 വീടുകളിൽ വാട്ടർ കണക്‌ഷൻ നൽകി, പൈപ്പുകൾ സ്ഥാപിച്ചു. 30 കോടി പദ്ധതിക്കായി നീക്കിവച്ചു. ടാങ്ക് പണിയാൻ ഗുരുവായൂർ ദേവസ്വത്തിന്റെ ആനക്കോട്ടയിലാണ് സ്ഥലം കണ്ടെത്തിയത്. ആനക്കൊട്ടിലിലേക്കുൾപ്പെടെ ആവശ്യമുള്ള കുടിവെള്ളം സൗജന്യമായി നൽകണമെന്ന് ദേവസ്വം ആവശ്യപ്പെട്ടിരുന്നു. ജല അതോറിട്ടി ഇത് അംഗീകരിച്ചില്ല. ഇതോടെ ദേവസ്വം,സ്ഥലം നൽകുന്നതിൽ നിന്നും പിന്മാറി.
ഗുരുവായൂർ മുനിസിപ്പാലിറ്റി മുൻകൈയെടുത്ത് ടാങ്ക് നിർമ്മിക്കാൻ വേറെ സ്ഥലം അനുവദിച്ചെങ്കിലും അതിന്റെ നടപടി പൂർത്തിയാക്കിയിട്ടില്ല. പദ്ധതിയുടെ സമയം കഴിയുന്നതിനാൽ ടാങ്ക് നിർമ്മിക്കാനായി നീക്കിവച്ച പത്ത് കോടി ലഭിക്കുമോയെന്നതാണ് ആശങ്ക. ക്ഷേത്രത്തിലെത്തുന്ന തീർത്ഥാടകരെ പ്രധാനമായും ആശ്രയിച്ച് കഴിയുന്ന നഗരമാണ് ഗുരുവായൂർ. സംസ്ഥാനത്ത് ജില്ലയിൽ മാത്രമാണ് അമൃത് പദ്ധതിയിലൂടെ രണ്ട് സ്ഥലങ്ങളിൽ തുക അനുവദിച്ചത്. ഗുരുവായൂരിന് പുറമേ തൃശൂർ കോർപറേഷനിലും. പീച്ചിയിൽ നിന്ന് തൃശൂരിലേക്കുള്ള പൈപ്പുകളിടുന്ന കോർപറേഷൻ്റെ പണികൾ ഏതാണ്ട് പൂർത്തിയായി.
ആനക്കോട്ടയിൽ വാട്ടർ ടാങ്ക് നിർമ്മിക്കാൻ സ്ഥലം നൽകിയാൽ സൗജന്യമായി വെള്ളം നൽകണമെന്ന നിബന്ധന വച്ചിരുന്നു. പക്ഷേ സൗജന്യമായി നൽകാനാകില്ലെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. അതിനാലാണ് ഞങ്ങളുടെ സ്ഥലത്ത് വാട്ടർ ടാങ്ക് നിർമ്മിക്കേണ്ടെന്ന് അറിയിച്ചത്.
ഡോ. വി.കെ. വിജയൻ ഗുരുവായൂർ ദേവസ്വം ചെയർമാൻ.