ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും കൊടുംവിഷം ഒഴുക്കി: എം.വി. ഗോവിന്ദൻ
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയെ വിമർശിക്കുമ്പോൾ അത് മുസ്‌ലീങ്ങൾക്ക് എതിരാണെന്ന് വരുത്തുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിനെ പോലെ കൊടുംവിഷമാണ് ജമാഅത്തെ ഇസ്ലാമി. തെളിനീര് ഒഴുകുന്ന കേരളത്തിൽ കൊടുംവിഷം ഒഴുക്കുന്ന സംഘടനകളാണ് ഇരുകൂട്ടരും. രാഷ്ട്രീയാധികാരത്തിന് വേണ്ടിയാണ് അവർ മതത്തെ ഉപയോഗിക്കുന്നത്. ന്യൂനപക്ഷം ഇടതുപക്ഷത്തെ കൈവിട്ടെന്ന് ഞങ്ങൾ വിലയിരുത്തിയിട്ടില്ല. എസ്.ഐ.ആർ പിണറായി വിജയൻ നടപ്പാക്കിയതാണെന്ന് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും വ്യാപകമായി പ്രചാരണം നടത്തിയിട്ടുണ്ട്. അത് പ്രതിരോധിക്കുന്നതിൽ ചിലയിടങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. വർഗീയത ആരു പറഞ്ഞാലും അംഗീകരിക്കില്ല. നവോത്ഥാന നായകർ മുന്നോട്ടുവച്ച ആശയങ്ങൾക്കൊപ്പമാണ് ഇടതുപക്ഷം. അതിന്റെ മറവിൽ വർഗീയത പറഞ്ഞാൽ അംഗീകരിക്കില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.