സച്ചിദാനന്ദന്റെ വിമർശനം രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ല: കരിവെള്ളൂർ മുരളി
തൃശൂർ: സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ കെ.സച്ചിദാനന്ദനും സാറാ ജോസഫിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റിൽ രൂക്ഷവിമർശനമുന്നയിച്ച് സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി. സാമാന്യ യുക്തിക്ക് നിരക്കാത്ത രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ല. സച്ചിദാനന്ദൻ മാഷും സാറാ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായി. പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമ്മയും യുക്തിയും നഷ്ടമാകുന്നുവെന്ന് അടുത്തിടെസച്ചിദാനന്ദൻ മാഷ് ഏറ്റുപറഞ്ഞിട്ടുണ്ട്. അത്തരം വിചിത്രമായ പ്രതികരണമായി കേരളം ഇതിനെ കണക്കാക്കും. സി.പി.എം നശിക്കാതിരിക്കാൻ കേരളത്തിൽ തുടർഭരണം ലഭിക്കാതിരിക്കണമെന്നും കോൺഗ്രസ് ബി.ജെ.പിയിലേക്ക് പോയി നശിക്കാതിരിക്കാൻ ഭരണം അവർക്ക് ലഭിക്കണമെന്നും ആഗ്രഹിക്കുന്നവർ കോൺഗ്രസിന് വോട്ടു ചെയ്യണമെന്നും കാരശ്ശേരി മാഷ് പറഞ്ഞിരുന്നു. അദ്ദേഹം തുടങ്ങി വച്ച മുദ്രാവാക്യത്തോടൊപ്പം ഇത്തവണ വീണ്ടും കൈ പൊക്കുന്നത് സച്ചിദാനന്ദൻ മാഷും സാറ ടീച്ചറുമാണെന്ന് കരിവെള്ളൂർ മുരളി ഫേസ്ബുക്കിൽ കുറിച്ചു.