കർണാടക നഴ്സിംഗ് ബിരുദം: രജിസ്ട്രേഷൻ നിഷേധിക്കരുത്

Wednesday 11 February 2026 1:03 AM IST

കൊച്ചി: കർണാടകയിലെ നഴ്സിംഗ് കോളേജുകളിൽ നിന്ന് ബി.എസ്‌സി നഴ്സിംഗ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ രജിസ്ട്രേഷൻ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. പഠിച്ച കോളേജിന് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ഉണ്ടെങ്കിലേ രജിസ്ട്രേഷൻ നൽകാനാവൂ എന്ന നിലപാട് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. കർണാടക സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദങ്ങൾ സാധുവാണെന്ന് കോടതി പറഞ്ഞു. കർണാടകയിലെ അംഗീകൃത നഴ്സിംഗ് കോളേജുകളിൽ നിന്ന് പാസായവരെ കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യാനും പ്രാക്ടീസ് ചെയ്യാനും അനുവദിക്കണം. കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഒഫ് മാനേജ്മെന്റ് ഒഫ് നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.