വീണ്ടും ഫേസ്ബുക്കിൽ വിമർശനം: സച്ചിദാനന്ദനെ സന്ദർശിച്ച് സി.പി.എം ജില്ലാ സെക്രട്ടറി
തൃശൂർ: തുടർഭരണം നല്ലതല്ലെന്ന പരാമർശത്തിന് പിന്നാലെ ഫേസ്ബുക്കിൽ വിമർശനം തുടർന്നതോടെ, കവിയും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സി.പി.എം. തൃശൂർ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദറും സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചെരുവിലും വീട്ടിലെത്തി സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ തിരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല പരാമർശമെന്ന് സച്ചിദാനന്ദൻ പറഞ്ഞതെന്നും കേരളത്തിലെ ഇടതുമൂല്യം അറിയാത്ത ആളല്ല അദ്ദേഹമെന്നും അബ്ദുൾ ഖാദർ പറഞ്ഞു.
സച്ചിദാനന്ദൻ പാർട്ടി അംഗമല്ല. അദ്ദേഹത്തിന് വിമർശിക്കാൻ അവകാശമുണ്ടെന്നാണ് ഞങ്ങൾ കാണുന്നത്. കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. അദ്ദേഹം പ്രിയപ്പെട്ട അദ്ധ്യാപകനുമാണ്. പാർട്ടി ജില്ലാ നേതൃത്വത്തിന് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ കാണാം. വാർത്തകൾ താൻ ഉദ്ദേശിച്ചതലത്തിൽ അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിവാദം അടഞ്ഞ അദ്ധ്യായമാണെന്നും അബ്ദുൾ ഖാദർ പറഞ്ഞു.
സൈബറിടത്തിൽ ആക്രമിക്കുന്നവർക്ക് മറുപടിയുമായാണ് ഇന്നലെ രാവിലെ ഫേസ്ബുക്കിൽ സച്ചിദാനന്ദൻ പ്രതികരിച്ചത്. മാർക്‌സിസ്റ്റ് തത്വചിന്തകൻ ജാക് റാൻസിയർ പറഞ്ഞ കാര്യങ്ങൾ സൈബർക്കൂട്ടങ്ങൾ ആഴത്തിൽ മനസിലാക്കിയിട്ടില്ല. റാൻസിയർ ജനാധിപത്യം മരിക്കുന്നതിനെക്കുറിച്ച് പുസ്തകമെഴുതിയിരുന്നു. അതിലെ, ചിന്തകളാണ് മാദ്ധ്യമങ്ങളോട് പങ്കുവച്ചത്.
കാണപ്പെടാത്തവരെ കാണണം, കേൾക്കപ്പെടാത്തവർക്ക് ശബ്ദം നൽകണം, ഇതാകണം മാർക്‌സിസം. പകരം നടക്കുന്നതോ, ദരിദ്രരെ കൂടുതൽ ദരിദ്രമാക്കുന്നു. അറ്റത്താക്കിയവരെ കൂടുതൽ അകറ്റുന്നു. മേൽമദ്ധ്യവർഗത്തെ തൃപ്തിപ്പെടുത്തുന്നത് മാർക്‌സിസത്തിന് ചേരില്ല. സൈബർ ലോകം വെർച്വൽ മൂഢസ്വർഗമാണ്. വാക്കുകളുടെ കാളയുദ്ധം മാത്രമാണവിടെ നടക്കുന്നതെന്നും സച്ചിദാനന്ദൻ കുറിച്ചു.
സച്ചിദാനന്ദൻ എന്നും ഇടത് ബന്ധു: ബിനോയ് വിശ്വം
കൊല്ലം: കവി സച്ചിദാനന്ദൻ പറഞ്ഞതിനെ ഗൗരവത്തിൽ കാണുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. സച്ചിമാഷ്- എൽ.ഡി.എഫ് യുദ്ധമുണ്ടാകില്ല. അദ്ദേഹത്തെ ശത്രുവായി കാണില്ല. ഇടതുപക്ഷമാണ് ശരിയെന്ന് എപ്പോഴും ബോദ്ധ്യമുള്ള ആക്ടിവിസ്റ്റാണ് അദ്ദേഹം. കേരളത്തിൽ രണ്ട് മുന്നണികളും മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്ന സച്ചിദാനന്ദന്റെ പ്രസ്താവനയെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം പറഞ്ഞു. സച്ചിദാനന്ദൻ ഇടതുപക്ഷ ബന്ധുവാണ്. അത്തരം ബന്ധുക്കൾ എല്ലാക്കാര്യത്തിലും ഞങ്ങളെ പുകഴ്ത്തിയേ തീരുവെന്ന് ആഗ്രഹിക്കുന്നില്ല. അവർക്ക് എൽ.ഡി.എഫിനെക്കുറിച്ച് വിമർശനം ഉണ്ടെങ്കിൽ പറയട്ടെ. ഇടതുപക്ഷം കാതുപൊത്തിപ്പിടിക്കില്ല.