തെറ്റായ കണക്കുകളാണ് പ്രതിപക്ഷ നേതാവിന്റേത് : ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ

Wednesday 11 February 2026 1:24 AM IST

തിരുവനന്തപുരം: സ്വർണ നികുതിയുടെ കണക്കുകൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് തെറ്റായ കണക്കുകളാണ് പറയുന്നതെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

2001ൽ ഗ്രാമിന് 500രൂപയും നികുതി ഒരുശതമാനമായിരുന്നു. 150ടൺ കച്ചവടത്തിലൂടെ 7500കോടി വിറ്റുവരവും, സർക്കാരിന് 75കോടിരൂപ നികുതിയും ലഭിച്ചു.2005ൽ വാറ്റ് നികുതിവന്നതോടെ സ്വർണനികുതി അഞ്ചു ശതമാനവും 1.25% കോമ്പൗണ്ടിംഗ് നികുതിയും. ഇതുവഴിയുള്ള സർക്കാരിന്റെ വരുമാനം 165കോടി. 2017ൽ ജി.എസ്.ടിയും കൂട്ടി സ്വർണനികുതിവരുമാനം 665കോടിയായി. സംസ്ഥാനത്തെ സ്വർണ്ണവ്യാപാരത്തിന്റെ പകുതിയും ഇതര സംസ്ഥാനങ്ങളിൽ നിന്നായതിനാൽ നികുതിയടക്കുകയും അതിന്റെ ഐ.ജി.എസ്.ടി.വിഹിതം കേരളത്തിന് നേടിയെടുക്കാൻ കഴിയാതാവുകയും ചെയ്യുന്നു.ഇതോടെയാണ് സ്വർണനികുതിയിലെ ആനുപാതിക വർദ്ധന സംസ്ഥാനത്തിന് ലഭ്യമാകാത്തത്. സ്വർണ്ണവ്യാപാരികൾ സർക്കാരിന് കൃത്യമായി റിട്ടേണുകൾ നൽകുകയാണ്.ഇതിൽ നിന്ന് സ്വർണനികുതിയും വാർഷിക വിറ്റുവരവും സർക്കാരിന് കണ്ടെത്താമെന്നിരിക്കെ ഇത് പരസ്യമാക്കാതെ സ്വർണവ്യാപാരികളെ മോശക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് അസോസിയേഷൻ പറഞ്ഞു.