സർക്കാർ അടച്ചു പൂട്ടാൻ കൽപ്പിച്ചു സ്‌കൂളിനെ കൂട്ടിപ്പിടിച്ച് നാട്ടുകാർ
കാളികാവ്: മൂന്നുവർഷം മുമ്പ് സ്‌കൂൾ അടച്ചു പൂട്ടാൻ സർക്കാർ കൽപ്പിച്ചു. പൂട്ടാൻ വിസമ്മതിച്ച നാട്ടുകാർ സ്‌കൂളിനെ ചേർത്തുപിടിച്ചു . കരുവാരകുണ്ട് അരിമണൽ ബദൽ സ്‌കൂളാണ് നാട്ടുകാരുടെ കഠിനശ്രമം കൊണ്ട് ഇന്നും നിലനിൽക്കുന്നത്. സ്വന്തം നാട്ടിലെ എൽ.പി സ്‌ക്കൂൾ നിലനിറുത്താൻ നിയമ പോരാട്ടം നടത്തുന്നതിനൊപ്പം അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാൻ നാട്ടുകാരുടെ മുന്നിൽ കൈ നീട്ടുകയാണ് സ്‌കൂളിന്റെ നടത്തിപ്പുകാർ. ഈ സ്‌കൂളിനെ സർക്കാർ ഏറ്റെടുക്കുക അല്ലെങ്കിൽ അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കാൻ പഞ്ചായത്തിന് അനുമതി നൽകുക എന്നാവശ്യപ്പെട്ട് കരുവാരകുണ്ട് പഞ്ചായത്ത് രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു.
2022 മേയ് മുതലാണ് നാട്ടുകാരുടെ ദുരിതത്തിന് തുടക്കം.അന്ന് സംസ്ഥാനത്തെ 227 ബദൽ സ്‌കൂളുകൾ അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിറക്കി.സർക്കാർ സ്‌കൂളുകളുടെ അഞ്ചു കിലോമീറ്റർ പരിധിയിൽ വരുന്ന സ്‌കൂളുകളാണ് പൂട്ടിയത്. ഇതിൽ കരുവാരകുണ്ട് പഞ്ചായത്തിൽ മഞ്ഞൾപാറയിലെയും അരിമണലിലെയും രണ്ടു ബദൽ സ്‌കൂളുകളും ഉൾപ്പെട്ടു. ഇതുപ്രകാരം മഞ്ഞൾ പാറയിലെ സ്‌കൂൾ പൂട്ടിപ്പോയി.മറ്റു സ്‌കൂളുകളിലേക്ക് പോകാൻ ഗതാഗത സൗകര്യമില്ലാത്തതിനാൽ അരിമണലിലെ സ്‌കൂൾ നാട്ടുകാർ നിലനിറുത്തി. പ്രീപ്രൈമറി അടക്കം നാലാം ക്ലാസു വരെയായി ഐ.ടി അടക്കം പഠിപ്പിക്കുന്ന സ്‌കൂളിൽ നൂറിലേറെ കുട്ടികൾ ഇപ്പോഴും പഠിക്കുന്നുണ്ട്. ആറ് അദ്ധ്യാപകരും ഒരു ഹെൽപ്പറും ഇവിടെ ജീവനക്കാരായുണ്ട്. ഓരോ മാസവും അറുപതിനായിരം രൂപ ശമ്പളത്തിനായി നാട്ടുകാർ കണ്ടെത്തണം. താഴ്ന്ന വരുമാനക്കാരും പാവപ്പെട്ട കുട്ടികളുമായ ഇവർക്ക് അഞ്ചുകിലോമീറ്റർ അപ്പുറത്തുള്ള സ്‌കൂളിലേക്ക് പോകാൻ വാഹന സൗകര്യമില്ലാത്തതാണ് സ്‌കൂൾ നിലനിറുത്താൻ കാരണം. 2003ലാണ് സ്‌കൂൾ സ്ഥാപിതമായത്.
നാടിന്റെ തണലിൽ
- നാട്ടുകാർ പിരിവെടുത്താണ് 20 സെന്റ് സ്ഥലം സ്‌കൂളിന് വാങ്ങിയത്.
- പഞ്ചായത്ത് ഫണ്ടും നാട്ടുകാരുടെ സഹായവും ചേർത്ത് ഒരു കോടിയോളം മുടക്കി ഇരുനില കെട്ടിടവും പണിതു.
- ഒരു സർക്കാർ സ്‌കൂളിനേക്കാൾ സൗകര്യത്തോടെ സ്‌കൂൾ പ്രവർത്തനം തുടങ്ങി.നാല് അദ്ധ്യാപകരെയും സർക്കാർ നിയമിച്ചു. ശമ്പളവും നൽകി.
- അടച്ചു പൂട്ടാനുള്ള ഉത്തരവിറങ്ങിയതോടെ അദ്ധ്യാപകരെ സർക്കാർ മറ്റു സ്‌കൂളുകളിലേക്ക് മാറ്റി.
- 2022 ജൂൺ മുതൽ പുതിയ അധ്യാപകരെ നിയമിച്ചതും ശമ്പളം കൊടുക്കുന്നതും നാട്ടുകാരാണ്.
- സ്‌കൂളിന്റെ നടത്തിപ്പും ശമ്പളവുമടക്കമുള്ള കാര്യങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിക്കുന്നതും നേതൃത്വം നൽകുന്നതും പ്രദേശത്തെ ഓറിയോൺ എന്ന ക്ലബ്ബ് ഭാരവാഹികളാണ്. ലക്ഷങ്ങൾ സ്വരൂപിച്ച്
- സ്‌കൂളിന് വേണ്ടി ഉപയോഗിക്കാൻ ക്ലബ്ബ് പ്രവർത്തകർ മൈതാനവും വാങ്ങിയിട്ടുണ്ട്.
- പാഠപുസ്തകം, യൂണിഫോം, ഭക്ഷ്യ വസ്തുക്കൾ, ഹെൽപ്പറുടെ ശമ്പളം എന്നിവ ഇപ്പോഴും സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ട്.
നല്ല നിലയിൽ നടക്കുന്ന സ്‌കൂളിലെ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം നൽകണം.ഇല്ലെങ്കിൽ പഞ്ചായത്ത് ഫണ്ടിൽ നിന്ന് ശമ്പളം നൽകാൻ സർക്കാർ അനുവദിക്കണം.
എൻ.ഉണ്ണീൻ കുട്ടി, പഞ്ചായത്ത് പ്രസിഡന്റ്