റൺമഴ പെയ്യിക്കാൻ ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽ പ്രത്യേക‌ റബ്ബർ പാളികളുണ്ടോ? സത്യാവസ്ഥ എന്ത്?

Wednesday 11 February 2026 11:48 AM IST

കൊളംബോ: നയന്റീസ് കിഡ്‌സിന്റെ കാലത്ത് ലോകത്തിലെ മികച്ച ക്രിക്കറ്റ് കളിക്കാരെക്കുറിച്ച് വിചിത്രമായ ആരോപണങ്ങൾ പതിവായിരുന്നു. ശ്രീലങ്കയുടെ ജയസൂര്യയുടെയും പാകിസ്ഥാന്റെ ഷഹീദ് അഫ്രീദിയുടെയും ഓസീസ് സൂപ്പർതാരങ്ങളായ ഹെയ്‌ഡന്റെയും ഗിൽക്രിസ്‌റ്റിന്റെയും ബാറ്റിൽ സ്‌പ്രിംഗ് ഉണ്ടെന്ന് അന്ന് കഥകൾ പ്രചരിച്ചിരുന്നു. അതെല്ലാം സാധാരണക്കാരാണ് പറഞ്ഞിരുന്നത്. ഇന്നിപ്പോൾ ഇന്ത്യൻ താരങ്ങളെക്കുറിച്ച് ശ്രീലങ്കൻ ക്രിക്കറ്ററായ ഭാനുക രാജപക്‌സ വിചിത്രമായ ആരോപണമാണ് ഉന്നയിക്കുന്നത്.

റൺനേട്ടത്തിനായി ഇന്ത്യൻ താരങ്ങളുടെ ബാറ്റിന് മുകളിൽ റബ്ബറിന്റെ വിചിത്രമായ പാളിയുണ്ടെന്നാണ് രാജപക്‌സയുടെ വാദം. 'ഞങ്ങൾക്ക് ലഭിക്കുന്നതിലും എത്രയോ മികച്ച ബാറ്റാണ് ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നത്. ആ ബാറ്റുകളുടെ മുകളിൽ റബ്ബറിന്റെ ഒരു പ്രത്യേക പാളിയുണ്ടെന്നാണ് തോന്നുന്നത്. അതെങ്ങനെ നടക്കുമെന്ന് എനിക്കറിയില്ല. ഈ ബാറ്റ് മറ്റ് താരങ്ങൾക്കൊന്നും വാങ്ങാൻ സാധിക്കില്ല. ഇത് എല്ലാവർക്കും അറിയാം.' ഒരു അഭിമുഖത്തിൽ രാജപക്‌‌സ പറഞ്ഞു.

രാജപക്‌സയുടെ പ്രതികരണം വലിയ വിവാദമായി. തുടർന്ന് താൻ പറഞ്ഞതിന് വിശദീകരണവുമായി രാജപക്‌സ രംഗത്തെത്തി. 'ഇന്ത്യയിലെ സംവിധാനങ്ങൾ, അവയുടെ നിലവാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഏറെ മുന്നോട്ടുപോയി. ഇന്ത്യൻ ബാറ്റ് നിർമ്മാതാക്കൾ ലോകത്തിൽ മികച്ചവരാണ്. ശ്രീലങ്കൻ താരങ്ങളുടെ ബാറ്റിനെക്കാൾ ഇരട്ടി മികച്ചതാണ് ഇന്ത്യൻ താരങ്ങളുടെ ബാറ്റുകൾ. ഏറെ ബഹുമാനത്തോടെയാണ് ഇത് പറയുന്നത്. നമുക്ക് വേണ്ടത്ര പണമുണ്ടെങ്കിലും നല്ല ബാറ്റ് വാങ്ങാൻ കഴിയുന്നില്ല.' രാജപക്‌സെ വ്യക്തമാക്കുന്നു.

2022ൽ 30-ാം വയസിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച രാജപക്‌സ പിന്നീട് മടങ്ങിയെത്തി. ശ്രീലങ്കയ്‌ക്കായി 45 ട്വന്റി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ട്വന്റി20 ലോകകപ്പ് ടീമിൽ ഇടംനേടിയിട്ടില്ല.