പച്ചത്തുരുത്തുകൾ അപ്രത്യക്ഷമാകുന്നു കാക്കനാട് നിലം നികത്തൽ വ്യാപകം

Thursday 12 February 2026 12:22 AM IST
കാക്കനാട് പ്രദേശത്ത് നടക്കുന്ന നിലം നികത്തൽ

കാക്കനാട്: ഐ.ടി ഹബ്ബായ കാക്കനാട് അനധികൃത നിലംനികത്തൽ മൂലം പച്ചത്തുരുത്തുകൾ അപ്രത്യക്ഷമാകുന്നു. ഒന്നരലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന തൃക്കാക്കര നഗരസഭയുടെ ഹൃദയഭാഗത്ത് വിരലിലെണ്ണാവുന്ന പച്ചത്തുരുത്തുകൾ മാത്രമാണ് അവശേഷിക്കുന്നത്.

പരിസ്ഥിതി പ്രത്യാഘാതം കണക്കിലെടുത്ത് ഒഴിഞ്ഞസ്ഥലങ്ങളിൽ ചെറുവനങ്ങൾ നിർമ്മിക്കണമെന്നും സ്വാഭാവിക പച്ചത്തുരുത്തുകൾ സംരക്ഷിക്കണമെന്നും പരിസ്ഥിതി സംഘടനകൾ നവകേരളസദസിൽ അപേക്ഷ നൽകിയിരുന്നു. നഗരസഭാ ബസ് സ്റ്റാൻഡ് പരിസരം സംരക്ഷിക്കണമെന്നായിരുന്നു പ്രധാനആവശ്യം. എന്നാൽ ഈ സ്ഥലത്തിന്റെ ഒരു ഭാഗം തൃക്കാക്കര സഹകരണ ആശുപത്രിക്ക് സർക്കാർ പാട്ടത്തിന് നൽകുകയും മറുഭാഗം മണ്ണിട്ട് നികത്തുകയും ചെയ്തു.

2050ഓടെ കേരളത്തെ കാർബൺ ന്യൂട്രൽ ആക്കാൻ ഹരിതകേരളം മിഷൻവഴി വാർഡുതലത്തിൽ പച്ചത്തുരുത്തുകൾ നിർമ്മിക്കാനും തൊഴിലുറപ്പ് തൊഴിലാളികളെ ഇതിനായി നിയോഗിക്കാനും സർക്കാർ ഉത്തരവുണ്ട്. എന്നാൽ ജനസംഖ്യാനുപാതികമായ കാർബൺ മലിനീകരണം കണക്കാക്കി പച്ചത്തുരുത്തുകളോ ചെറുവനങ്ങളോ സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. നിലവിലുള്ള സ്വാഭാവിക പച്ചത്തുരുത്തുകൾ സംരക്ഷിക്കാനും നടപടിയൊന്നുമില്ല.

വികസനത്തിന്റെ ബാക്കിപത്രം

ഫ്ലാറ്റ് സമുച്ചയനിർമ്മാണം, മെട്രോറെയിൽ, സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക് വിപുലീകരണം എന്നിവയ്ക്കായി കൃഷിയിടങ്ങളും റബർ തോട്ടങ്ങളും പൂർണമായും നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്

കാക്കനാട് നഗരസഭാ കേന്ദ്രത്തിന് സമീപം മണ്ണിട്ടു

നികത്തുന്നതിനെതിരെ പരിസ്ഥിതിമന്ത്രാലയത്തിന് പരാതി കൊടുക്കും.

സലിം കുന്നുംപുറം

തൃക്കാക്കര സാംസ്കാരികകേന്ദ്രം

തൃക്കാക്കരയിലെ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്താൻ ശ്രമിക്കുന്ന ഭൂമാഫിയകൾക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി കൊടുക്കും

പ്രമേഷ് വി.ബാബു

സി.പി.ഐ തൃക്കാക്കര

മണ്ഡലം അസി.സെക്രട്ടറി