കണ്ടിൻജന്റ് ജീവനക്കാരെ സ്ഥിരപ്പെടുത്തൽ സർക്കാരിന്റെ പരിഗണനയിൽ
കൊച്ചി: തദ്ദേശസ്ഥാപനങ്ങളിൽ ശുചീകരണത്തിന് പ്രവർത്തിക്കുന്ന താത്കാലിക കണ്ടിൻജന്റ് ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സാദ്ധ്യത തള്ളാതെ സർക്കാർ. വിഷയം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായാണ് തീരുമാനമറിയിച്ചത്. തൊഴിലാളി സംഘടനകളുടെ വർഷങ്ങളായുള്ള ആവശ്യമാണ് സർക്കാർ അനുഭാവപൂർവം പരിഗണിക്കുന്നത്.
സംസ്ഥാനത്ത് ആകെ 4781 താത്കാലിക കണ്ടിൻജന്റ് ജീവനക്കാരാണുള്ളത്. നഗരങ്ങളുടെയും പൊതുയിടങ്ങളുടെയും ശുചീകരണം, കൊതുകിന്റെ ഉറവിട നശീകരണം, കൂത്താടി നശീകരണ സ്‌പ്രേയിംഗ്, ഫോഗിംഗ്, ഇൻഡോർ സ്‌പേയ്‌സ് സ്‌പ്രേ, ഇൻഡോർ റസിഡ്വൽ സ്‌പ്രേ എന്നിങ്ങനെയുള്ള ജോലികളാണ് കണ്ടിൻജന്റ് ജീവനക്കാർ ചെയ്തുവരുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയും തദ്ദേശസ്ഥാപനങ്ങൾ വഴിയും തിരഞ്ഞെടുക്കപ്പെട്ടവരാണ് തൊഴിലാളികളത്രയും. 8000 രൂപയാണ് ശമ്പളം. ഇത് അപര്യാപ്തമാണെന്ന് തൊഴിലാളികൾ പറയുന്നു.
മുന്നിൽ തൃശൂർ സംസ്ഥാനത്ത് ഏറ്റവും അധികം കണ്ടിൻജന്റ് ജീവനക്കാരുള്ളത് തൃശൂർ ജില്ലയിലാണ്. 515 പേർ. പാലക്കാടാണ് തൊട്ടുപിന്നിൽ. 419 പേർ. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിൽ 417 പേരാണുള്ളത്. ഏറ്റവും കുറവ് വയനാടാണ്. ഇവിടെ 154 ജീവനക്കാർ മാത്രമാണുള്ളത്.
ജീവനക്കാർ കുറവ് സംസ്ഥാനത്ത് ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് ഈ മേഖലയിൽ ജോലി ചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നു. കുറഞ്ഞ വേതനം, അപകടസാദ്ധ്യതകൾ, മോശം തൊഴിൽ സാഹചര്യങ്ങൾ എന്നിവ കാരണമാണ് ഈ മേഖലയിലേക്ക് ആളുകൾ വരാൻ മടിക്കുന്നത്.
ജില്ല- ജീവനക്കാർ തിരുവനന്തപുരം -416 കൊല്ലം - 291 പത്തനംതിട്ട - 270 ആലപ്പുഴ -341 കോട്ടയം - 323 ഇടുക്കി -214 എറണാകുളം - 404 തൃശൂർ - 515 പാലക്കാട് - 419 മലപ്പുറം - 414 കോഴിക്കോട് - 362 വയനാട് - 154 കണ്ണൂർ 417 കാസർകോട് - 241