'നിങ്ങളൊരു അഭിഭാഷകയല്ലേ?പുരുഷനായിരുന്നെങ്കിൽ ഉടൻ അറസ്റ്റ് ചെയ്‌തേനെ', ദീപ ജോസഫിനെതിരെ സുപ്രീം കോടതി

Wednesday 11 February 2026 3:16 PM IST

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച കേസിൽ പ്രതിയായ അഡ്വ. ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ദീപയുടെ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശനം. ദീപ പ്രയോഗിച്ച വാക്കുകൾ ഞെട്ടലുളവാക്കിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

'നിങ്ങൾ പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകയല്ലേ?​ അപകീർത്തിപരമായ പരാമർശങ്ങളാണ് ഫേസ്‌ബുക്ക് പോസ്റ്റിലുള്ളത്. എന്താണ് നിങ്ങളെഴുതിയതെന്ന് പരസ്യമായി വായിക്കണോ?​ പുരുഷനാണ് പരാമർശം നടത്തിയിരുന്നതെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യുമായിരുന്നു. സ്‌ത്രീയായതുകൊണ്ട് മാത്രമാണ് പരിഗണന ലഭിക്കുന്നത്. പ്രതിയുടെ പബ്ളിക് അഡ്വക്കേറ്റാണോ നിങ്ങൾ?​' കോടതി ചോദിച്ചു.

പി വി ദിനേശ്,​ കെ ആർ സുഭാഷ്‌ചന്ദ്രൻ,​ കൃഷ്‌ണ അനിരുദ്ധ എന്നിവരാണ് അതിജീവിതയ്‌ക്കായി ഹാജരായത്. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ആദ്യ അതിജീവിതയെ അപമാനിച്ചതിനാണ് അഡ്വ. ദീപയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. അഭിഭാഷകയായിരുന്നിട്ടും സോഷ്യൽമീഡിയയിൽ ഇത്തരം ഭാഷയാണോ ഉപയോഗിക്കുന്നതെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് ചോദിച്ചു. എന്നാൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ,​ മോശം പരാമർശങ്ങൾ നടത്തുകയോ താൻ ചെയ്‌‌തിട്ടില്ലെന്ന് ദീപ കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഭർത്താവ് പറഞ്ഞകാര്യമാണ് പറഞ്ഞതെന്ന് ദീപ വാദിച്ചപ്പോൾ ഭർത്താവ് പറഞ്ഞാലും അതെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ എഴുതുന്നത് ശരിയാണോ എന്ന് കോടതി ചോദിച്ചു. സ്‌ത്രീയെന്ന പരിഗണന നൽകിയാണ് നടപടിയെടുക്കാത്തതെന്ന് കോടതി വ്യക്തമാക്കി ശേഷം ദീപയുടെ ഹർജി തള്ളുകയും കോടതി ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു.